ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ റണ്ണേഴ്‌സ് അപ്പ് ടീമിന് ലഭിക്കുന്ന ചെക്ക് പ്രൈസ് വലിച്ചെറിഞ്ഞ് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 2 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയ തിലക് വര്‍മ(69*), സഞ്ജു സാംസണ്‍(24), ശിവം ദുബെ(33) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുക്കെട്ട് സ്വന്തമാക്കിയ പാകിസ്ഥാന്‍ അവിശ്വസനീയമായ രീതിയിലാണ് ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. ബൗളിങ്ങിനെത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കാനായെങ്കിലും ഇന്ത്യന്‍ മധ്യനിരയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാക് ബൗളര്‍മാര്‍ക്കായില്ല.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഞങ്ങളുടെ എല്ലാം നല്‍കി. എന്നാല്‍ നല്ല രീതിയില്‍ ഫിനിഷ് ചെയ്യാനായില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി. ഒരുപാട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അതാണ് വലിയ സ്‌കോര്‍ ടീം സ്വന്തമാക്കാതിരിക്കാന്‍ കാരണമായത്. തെറ്റ് ബാറ്റര്‍മാരുടേതാണ്. ബാറ്റിംഗ് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഒരു ടീം എന്ന നിലയില്‍ അഭിമാനമുണ്ട്. കൂടുതല്‍ ശക്തമായി തിരിച്ചെത്താന്‍ ശ്രമിക്കും. സല്‍മാന്‍ ആഘ പറഞ്ഞു.