Sanju Samson: ഇന്ത്യയെ ജയിപ്പിച്ച സഞ്ജുവിന്റെ 24 റണ്‍സ്; ഈ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ തോല്‍വി !

രേണുക വേണു

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (08:16 IST)
Sanju Samson: ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യക്കായി നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് വീശി സഞ്ജു സാംസണ്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 20-3 എന്ന നിലയില്‍ പ്രതിരോധത്തിലായപ്പോഴാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തിയത്. 
 
21 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ കാര്‍ഡില്‍ സഞ്ജു നേടിയത് ചെറിയ സ്‌കോര്‍ ആണെന്ന് തോന്നുമെങ്കിലും ഒരുപക്ഷേ ഈ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നു ! 
 
മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. സ്‌കോര്‍ കാര്‍ഡില്‍ 20 റണ്‍സ് ആകുമ്പോഴേക്കും അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പാക്കിസ്ഥാനെതിരായ ഫൈനല്‍, ടോപ് ഓര്‍ഡര്‍ തകര്‍ച്ച ഇതിനിടയിലും സഞ്ജു മനസാന്നിധ്യം കൈവിടാതെ ബാറ്റ് ചെയ്തു. 
 
തിലക് വര്‍മയെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. ഇരുവരും ഒന്നിച്ച് സ്‌കോര്‍ ബോര്‍ഡിലേക്ക് 57 റണ്‍സ് സംഭാവന ചെയ്തു. സഞ്ജു നാലാം വിക്കറ്റായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 77 ലേക്ക് എത്തിയിരുന്നു. 
 
ഏഷ്യ കപ്പില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 124.53 സ്‌ട്രൈക് റേറ്റില്‍ 132 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുകയും കളിയിലെ താരമാകുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍