Rinku Singh: ഏഷ്യാകപ്പില്‍ വിജയറണ്‍ ഞാനടിക്കും, സെപ്റ്റംബര്‍ 6ന് തന്നെ റിങ്കു കുറിച്ചു, ദൈവത്തിന്റെ പ്ലാന്‍ അല്ലാതെന്ത്
ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍. ബാറ്റിങ്ങില്‍ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും മധ്യനിരയുടെ മികച്ച പ്രകടനത്തോടെ വലിയ രീതിയില്‍ പ്രയാസപ്പെടാതെ വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഏഷ്യാകപ്പില്‍ അതുവരെയും ഒരു മത്സരത്തിലും കളിക്കാതിരുന്ന റിങ്കു സിംഗ് ആയിരുന്നു ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഒരു ബോള്‍ മാത്രമാണ് റിങ്കു നേരിട്ടത്. ആ പന്തില്‍ തന്നെ ടീമിന്റെ വിജയറണ്‍ കുറിക്കാനും താരത്തിനായിരുന്നു.
എന്നാല്‍ ഏഷ്യാകപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്ത് തന്നെ ഏഷ്യാകപ്പ് ഫൈനലില്‍ വിജയറണ്‍ കുറിക്കുക താനാകുമെന്ന് റിങ്കു സിംഗ് കുറിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനാണ് റിങ്കുസിംഗ് ഇക്കാര്യം കുറിച്ചത്. അവതാരകയും ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശനാണ് റിങ്കു സെപ്റ്റംബര്‍ 6ന് എഴുതിയ കാര്‍ഡ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഏഷ്യാകപ്പില്‍ അതുവരെയും ടീമില്‍ അവസരം ലഭിക്കാതിരുന്ന റിങ്കു സിംഗിന് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ഫൈനല്‍ ഇലവനില്‍ അവസരം ലഭിച്ചത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളുടെയും സ്‌കോര്‍ ഒപ്പമെത്തിയ സാഹചര്യത്തില്‍ ക്രീസിലെത്താന്‍ താരത്തിനായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചാണ് റിങ്കു വിജയറണ്‍ കുറിച്ചത്. ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ റിങ്കുവിന് സാധിച്ചു.