വയസ്സന്‍ പടയെ മാറ്റൂ, അടുത്ത ലോകകപ്പ് അടിക്കാന്‍ ഇവര്‍ വേണം; ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കേണ്ട താരങ്ങള്‍

Webdunia
വെള്ളി, 11 നവം‌ബര്‍ 2022 (14:01 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വി വഴങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കെതിരെ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്. ഈ ലോകകപ്പ് കളിക്കാന്‍ പോയ ഇന്ത്യന്‍ ടീമിന്റെ ശരാശരി പ്രായം 30 ആയിരുന്നു. വയസ്സന്‍ പടയേയും കൊണ്ട് ലോകകപ്പ് കളിക്കാന്‍ പോയ ബിസിസിഐയെ ആണ് ആരാധകര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ചീത്ത വിളിക്കുന്നത്. അടുത്ത ലോകകപ്പിലെങ്കിലും ഈ മനോഭാവം ഇന്ത്യ മാറ്റണമെന്നാണ് ആരാധകരുടെ അഭിപ്രായം. ട്വന്റി 20 ക്രിക്കറ്റിന്റെ വേഗതയോട് ഒത്തുപോകുന്ന യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അത്തരത്തില്‍ ഇന്ത്യയുടെ ടി 20 ടീമിന്റെ ഭാഗമാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. പൃഥ്വി ഷാ 
 
വെടിക്കെട്ട് ബാറ്ററാണ് പൃഥ്വി ഷാ. പവര്‍പ്ലേയില്‍ അത്യന്തം അപകടകാരി. ആദ്യ പന്ത് മുതല്‍ സ്‌കോര്‍ ചെയ്യുക എന്നതാണ് പൃഥ്വി ഷായുടെ ശൈലി. ട്വന്റി 20 ക്രിക്കറ്റിന് ചേരുന്ന ആക്രമണ ശൈലിയുടെ അപൂര്‍വ്വം ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരാള്‍. 
 
2. ഇഷാന്‍ കിഷന്‍ 
 
വമ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഇടംകയ്യന്‍ ബാറ്റര്‍. ടി 20 ക്രിക്കറ്റില്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ട താരം. വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഇഷാന്‍ കിഷന്‍. 
 
3. ശുഭ്മാന്‍ ഗില്‍ 
 
വിദേശ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം. ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കും. 
 
4. സഞ്ജു സാംസണ്‍ 
 
ടി 20 ക്രിക്കറ്റില്‍ അപകടകാരിയായ മധ്യനിര ബാറ്റര്‍. ഐപിഎല്ലില്‍ പലപ്പോഴായി നടത്തിയ വെടിക്കെട്ട് പ്രകടനങ്ങള്‍ തന്നെ സഞ്ജുവിന്റെ പ്രതിഭ വിളിച്ചോതുന്നു. ഫിനിഷര്‍ റോളിലും തിളങ്ങാന്‍ കഴിവുള്ള താരം. 
 
5. രവി ബിഷ്‌ണോയ് 
 
യാതൊരു സംശയവുമില്ലാതെ ഇന്ത്യന്‍ ടീമിലേക്ക് വിളി കിട്ടേണ്ട ലെഗ് സ്പിന്നറാണ് രവി ബിഷ്‌ണോയ്. റണ്‍സ് അധികം വഴങ്ങാതെ പന്തെറിയാനുള്ള കഴിവും ബിഷ്‌ണോയ്ക്കുണ്ട്. 
 
6. മൊഹ്‌സിന്‍ ഖാന്‍ 
 
ചുരുക്കം ചില ഐപിഎല്‍ മത്സരങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പേസ് ബൗളര്‍. ഇടംകയ്യന്‍ ബൗളര്‍ കൂടിയാണ് മൊഹ്‌സിന്‍. 
 
7. ഉമ്രാന്‍ മാലിക്ക് 
 
ശരവേഗം പന്തെറിയാന്‍ കഴിവുള്ള ബൗളറാണ് ഉമ്രാന്‍ മാലിക്ക്. ട്വന്റി 20 ക്രിക്കറ്റില്‍ ഉമ്രാന്‍ മാലിക്കിനെ പോലൊരു വേഗ ബൗളര്‍ ഇന്ത്യക്ക് അത്യാവശ്യമാണ്. 
 
8. രാഹുല്‍ തെവാത്തിയ 
 
ഏത് സമ്മര്‍ദ്ദ ഘട്ടങ്ങളിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്ററാണ് തെവാത്തിയ. മാത്രമല്ല പാര്‍ട് ടൈം ബൗളര്‍ ആയി കൂടി ഉപയോഗിക്കാന്‍ പറ്റുന്ന ഓള്‍റൗണ്ടറും. ഫിനിഷര്‍ റോള്‍ നന്നായി വഹിക്കാനും കഴിവുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article