കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയം നേടിയതിന് പിന്നാലെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ 43കാരനായ ഇതിഹാസ താരം എം എസ് ധോനി. തന്റെ ഐപിഎല്ലിലെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ധോനിയുടെ മറുപടി ഇങ്ങനെ. വര്‍ഷത്തില്‍ 2 മാസം മാത്രമാണ് ക്രിക്കറ്റ് കളിക്കുന്നത്. വിരമിക്കല്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ സമയമായിട്ടില്ല. അടുത്ത 6-8 മാസകാലത്തിന് ശേഷമുള്ള ഫിറ്റ്‌നസ് അനുസരിച്ച് അപ്പോള്‍ തീരുമാനമെടുക്കും. ധോനി പറഞ്ഞു.
എന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന യാഥാര്‍ഥ്യത്തില്‍ നിന്നും ഒളിച്ചോടാനാകില്ല. ഈ ഐപിഎല്‍ കഴിഞ്ഞാല്‍ എന്റെ ശരീരം ഈ സമ്മര്‍ദ്ദം താങ്ങുമോ എന്ന് നോക്കാന്‍ അടുത്ത 6-8 മാസത്തേക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ധോനി വ്യക്തമാക്കി. 2023ല്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഇപ്പോള്‍ താരം പൂര്‍ണമായ ഫിറ്റ്‌നസിലല്ല കളിക്കുന്നതെന്ന് ഈ സീസണിനിടെ പരിശീലകന്‍ സ്റ്റീഫന്‍ പ്ലെമിംഗ് സമ്മതിച്ചിരുന്നു. അവസാന ഓവറുകളില്‍ മാത്രം ധോനി ബാറ്റിംഗിന് ഇറങ്ങുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് ഫ്‌ലെമിങ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.