Chennai Super Kings: 43 കാരനായ മഹേന്ദ്രസിങ് ധോണിയെ വീണ്ടും ക്യാപ്റ്റനാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടപടിയെ ചോദ്യം ചെയ്ത് ക്രിക്കറ്റ് ആരാധകര്‍. പരുക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്തായതോടെയാണ് ധോണിക്ക് നായകസ്ഥാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫ്രാഞ്ചൈസി വിശദീകരിക്കുമ്പോഴും ഐപിഎല്‍ ആരാധകര്‍ അതു വിശ്വസിക്കുന്നില്ല.
മാര്‍ച്ച് 30 നു രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിനു പരുക്ക് പറ്റിയത്. അതിനുശേഷം നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ഗെയ്ക്വാദ് കളിക്കാനിറങ്ങി. അപ്പോഴൊന്നും കുഴപ്പമില്ലാതിരുന്ന ഗെയ്ക്വാദിനെ പെട്ടന്ന് പരുക്കിന്റെ പേരില്‍ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് മനസിലാക്കി ആരാധകരുടെ കണ്ണില്‍ പൊടിയിടാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ഐപിഎല്‍ ആരാധകര്‍ പരിഹസിക്കുന്നു. ധോണി നായകനായി എത്തുമ്പോള്‍ ആരാധകര്‍ ശാന്തമാകുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. അതിനുവേണ്ടി ഗെയ്ക്വാദിനെ ബലികൊടുക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.