Super 8 Chances for Pakistan: യുഎസ്എയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും നെഞ്ചിടിപ്പ് കൂടും. കാരണം യുഎസിനെതിരെ ഇന്ത്യ ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ. മറിച്ച് യുഎസ് ഇന്ത്യയെ തോല്‍പ്പിക്കുകയോ മത്സരം മഴ മൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകും. ഇന്ത്യ യുഎസിനെ തോല്‍പ്പിച്ചാല്‍ അയര്‍ലന്‍ഡ്-യുഎസ് മത്സരഫലത്തിനായി പാക്കിസ്ഥാന്‍ കാത്തിരിക്കേണ്ടി വരും. മാത്രമല്ല അയര്‍ലന്‍ഡിനെ മികച്ച മാര്‍ജിനില്‍ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുകയും വേണം.
ആദ്യ രണ്ട് കളികളില്‍ യഥാക്രമം യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന്‍ മൂന്നാം മത്സരത്തില്‍ കാനഡയ്‌ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരായ ഒരു മത്സരം കൂടിയാണ് പാക്കിസ്ഥാന് ശേഷിക്കുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും യുഎസ് തോല്‍ക്കുകയും അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ മികച്ച വിജയം നേടുകയും ചെയ്താല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 ലേക്ക് ക്വാളിഫൈ ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാകും പാക്കിസ്ഥാന്റെ സാധ്യതകള്‍ തീരുമാനിക്കുക.
രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുള്ള യുഎസിന് +0.626 ആണ് നെറ്റ് റണ്‍റേറ്റ്. മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റുള്ള പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.191 ആണ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ച് യുഎസ് ശേഷിക്കുന്ന രണ്ട് കളികളിലും തോറ്റെന്ന് ഉറപ്പാക്കിയാല്‍ പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കും. അതേസമയം യുഎസ് ഇന്ത്യക്കെതിരെ തോല്‍ക്കുകയും അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയും യുഎസും സൂപ്പര്‍ 8 ലേക്ക് എത്തുകയും പാക്കിസ്ഥാന്‍ പുറത്താകുകയും ചെയ്യും.