രണ്ട് ഇരട്ടസെഞ്ചുറികൾ പിറന്ന 2015, ലോകകപ്പിലെ ഇരട്ട സെഞ്ചുറിക്കാരെ ഓർമയില്ലെ?

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (19:52 IST)
വീണ്ടുമൊരു ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ലോകകപ്പ് ആവേശത്തിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് റണ്ണൊഴുകുന്ന പിച്ചുകള്‍ തന്നെയാകും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഒരുപാട് ബാറ്റിംഗ് വിരുന്നുകള്‍ക്കാകും ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുക. ലോകകപ്പ് ചരിത്രത്തില്‍ തന്നെ 2 തവണ മാത്രമാണ് ഏതെങ്കിലും ബാറ്റര്‍ ഇരട്ടസെഞ്ചുറി സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് ഇന്നിങ്ങ്‌സുകളും പിറന്നത് 2015ലെ ഏകദിന ലോകകപ്പിലായിരുന്നു.
 
സിംബാബ്‌വെയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ലും വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലുമായിരുന്നു ലോകകപ്പില്‍ ഇരട്ടസെഞ്ചൂറി സ്വന്തമാക്കിയത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യ 51 പന്തില്‍ 50 റണ്‍സും 105 പന്ത് പിന്നിടുമ്പോള്‍ സെഞ്ചുറിയും സ്വന്തമാക്കാന്‍ ഗെയ്‌ലിനായി. എന്നാല്‍ അടുത്ത 100 റണ്‍സ് നേടാനായി വെറും 38 പന്തുകള്‍ മാത്രമാണ് കരീബിയന്‍ താരം എടുത്തത്. 147 പന്തില്‍ നിന്ന് 16 കൂറ്റന്‍ സിക്‌സും 10 ബൗണ്ടറികളും അടക്കം 215 റണ്‍സാണ് മത്സരത്തില്‍ ഗെയ്ല്‍ സ്വന്തമാക്കിയത്.
 
രണ്ടാം ഇരട്ട സെഞ്ചുറി പിറന്നത് വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലായിരുന്നു. ന്യൂസിലന്‍ഡ് 393 റണ്‍സ് അടിച്ചെടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 163 പന്തില്‍ നിന്നും പുറത്താകാതെ നേടിയത് 237 റണ്‍സാണ്. 24 ഫോറിന്റെയും 11 സിക്‌സിന്റെയും അകമ്പടിയിലാണ് ഇത്രയും റണ്‍സ് താരം നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article