ബാബറിന്റെ ഒന്നാം റാങ്ക് ഉടന്‍ തെറിക്കും, കോലിയ്ക്ക് ശേഷം ഏകദിനത്തില്‍ നമ്പര്‍ വണ്‍ ആകാന്‍ തയ്യാറെടുത്ത് ഗില്‍

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (14:11 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തെളിച്ചം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണിങ് താരമായ ശുഭ്മാന്‍ ഗില്‍. നിലവില്‍ 814 പോയിന്റോടെ ഐസിസി ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് താരം. 857 പോയന്റൊടെ ബാബര്‍ അസമാണ് ഐസിസി ഏകദിനബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തുള്ളത്.
 
ഓസ്‌ട്രേലിയക്കെതിരായ ആദ്യ 2 ഏകദിന മത്സരങ്ങളില്‍ 74,104 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ലോകകപ്പിന് മുന്‍പായി ഐസിസിയുടെ പുതിയ റാങ്കിങ് പട്ടിക പുറത്ത് വരുമ്പോള്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ ഗില്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ലോകകപ്പില്‍ നമ്പര്‍ വണ്‍ ഏകദിന ബാറ്ററായി ഗില്ലിന് കളിക്കാന്‍ സാധിക്കും. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ നേടിയ സെഞ്ചുറിയോടെ ഏകദിനത്തിലെ ആറാമത്തെ സെഞ്ചുറിയാണ് ഗില്‍ സ്വന്തമാക്കിയത്. 35 ഏകദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് ഏറ്റവുമധികം റണ്‍സുകള്‍ നേടിയ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍