കഴിഞ്ഞ ഓസീസ് പരമ്പരയില്‍ 3 മത്സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കെന്ന ചീത്തപ്പേര്, ഇത്തവണ സൂര്യ ചെയ്യുന്നത് പ്രതികാരം

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (17:35 IST)
ഏകദിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും വലിയ ശക്തിയാണ് ഓസ്‌ട്രേലിയ. എത്രമോശം അവസ്ഥയില്‍ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ എത്തിയാലും ലോകകപ്പില്‍ എല്ലാ ടീമിനും വലിയ വെല്ലുവിളി തന്നെ ഉയര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് എക്കാലവും സാധിക്കാറുണ്ട്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടമെന്നത് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.
 
ഓപ്പണിങ്ങിലും മധ്യനിരയിലും ബൗളിംഗിലുമെല്ലാം ഇന്ത്യ താളം വീണ്ടെടുത്തുകഴിഞ്ഞെന്ന് തെളിയിക്കുന്നതാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍. ടി20യിലെ രാജാവായി കഴിയുമ്പോഴും ഏകദിനത്തില്‍ യാതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്ന ചീത്തപ്പേര് സൂര്യകുമാര്‍ യാദവ് മായ്ച്ചുകളഞ്ഞ പരമ്പര കൂടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ സീരീസ്. ആദ്യ ഏകദിനത്തില്‍ 50 റണ്‍സും രണ്ടാം ഏകദിനത്തില്‍ 72* റണ്‍സുമാണ് ഓസ്‌ട്രേലിയക്കെതിരെ സൂര്യകുമാര്‍ സ്വന്തമാക്കിയത്. സൂര്യയെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഏറ്റവും വലിയ ദുസ്വപ്നങ്ങള്‍ സമ്മാനിച്ച ടീമിനെതിരെയുള്ള ഒരു പ്രതികാരം കൂടിയാണ് ഈ പ്രകടനങ്ങള്‍.
 
2023 മാര്‍ച്ചില്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിനപരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നേരിട്ട ആദ്യ പന്തിലാണ് സൂര്യ പുറത്തായത്. ഇതോടെ ഒരു ഏകദിന പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ താരമെന്ന നാണക്കേട് സൂര്യയുടെ പേരിലായി. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നാം ഏകദിനത്തില്‍ ആഷ്ടണ്‍ ആഗറുമായിരുന്നു സൂര്യയെ പുറത്താക്കിയത്. എന്നാല്‍ ഈ ഓര്‍മകള്‍ മനസ്സില്‍ വെച്ചിട്ടായിരിക്കണം സൂര്യ കളിക്കുന്നത് എന്ന് ചിന്തിപ്പിക്കുന്നതാണ് ഇന്ന് ഓസ്‌ട്രേലിയക്കെതിരെ സൂര്യ പുറത്തെടുക്കുന്ന പ്രകടനങ്ങള്‍. ഏകദിന പരമ്പരയില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ അവസാന ഏകദിനമത്സരത്തില്‍ സൂര്യയുടെ മറ്റൊരു ബാറ്റിംഗ് വിരുന്നിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍