ആരും സാധ്യത പ്രഖ്യാപിക്കാത്ത രാജസ്ഥാൻ, ആദ്യ സീസണിൽ കപ്പുയർത്തിയതിന് പിന്നിൽ വോണിന്റെ തന്ത്രങ്ങൾ

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (20:34 IST)
1983 ലെ ലോകകപ്പ് നടക്കുമ്പോൾ ടൂർണമെന്റിൽ ഏറ്റവും കുറവ് സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നു ഇന്ത്യ. ക്രിക്കറ്റിലെ പ്രതാപികളായ വിൻഡീസിനെതിരെ ഇന്ത്യ ലോർഡ്‌സിൽ കപ്പുയർത്തിയപ്പോൾ വലിയ അത്ഭുതങ്ങൾക്കൊന്നിനായിരുന്നു ലോർഡ്‌സ് സാക്ഷിയായത്. സമാനമായ ഒരു കഥ പറയാനുണ്ട് പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസിനും.
 
1983ലെ ഇന്ത്യയുടേതിന് സമാനമായി ഐപിഎൽ ടൂർണമെന്റ് വിജയിക്കാൻ ലോകം ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ഓസീസ് ഇതിഹാസ താരമായ ഷെയ്‌ൻ വോണായിരുന്നു അന്ന് രാജസ്ഥാനെ നയിച്ചിരുന്നത്. താരതമ്യേന പരിചയകുറവുള്ള നിരയായിരുന്നു വോണിന് അന്ന് തനിക്ക് കീഴിൽ ലഭിച്ചത്.
 
ഇന്നത്തെ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായ രവീന്ദ്ര ജഡേജ അന്ന് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ കഴിവുകൾ കണ്ട് റോക്ക്‌സ്റ്റാർ എന്നാണ് ജഡേജയെ വോൺ വിശേഷിപ്പി‌ച്ചത്.പാകിസ്ഥാൻ താരങ്ങൾ കൂടെ അണിനിരന്നിരുന്ന പ്രഥമ ഐപിഎല്ലിൽ സൊഹൈൽ തൻവീറായിരുന്നു രാജ്യസ്ഥാൻ പേസ് ബൗളിങ്ങിനെ നയിച്ചത്.
 
എന്നാൽ നിരവധി പുതുമുഖ താരങ്ങളുമായെത്തിയ രാജസ്ഥാൻ ടൂർണമെന്റിൽ അത്ഭുതങ്ങളായിരുന്നു കാത്തുവെച്ചത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് 9 വിക്കറ്റ് പരാജയം ഏറ്റുവാങ്ങികൊണ്ട് തുടങ്ങിയ രാജസ്ഥാൻ പിന്നീട് വമ്പന്മാരെ പരാജയപ്പെടുത്തി ഫൈനലി‌ലേക്ക് അനായാസമായാണ് പ്രവേശിച്ചത്. ടീമിൽ ഷെയ്‌ൻ വൊൺ,ഗ്രെയിം സ്മിത്ത്,ഷെയ്‌ൻ വാട്ട്‌സൺ എന്നിവർ മാത്രമാണ് ടീമിൽ വമ്പൻ താരങ്ങളായി ഉണ്ടായിരുന്നത് എന്നറിയുമ്പോഴാണ് 2008ലെ വമ്പൻ ടീമുകളെ മലർത്തിയടിച്ച രാജസ്ഥാന്റെ പ്രഭാവം മനസിലാകുക.
 
 
ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പാർത്ഥീവ് പട്ടേലിന്റെ 38 റൺസിന്റെയും സുരേഷ് റെയ്നയുടെ 43 എംഎസ് ധോനിയുടെ 29 റൺസിന്റെയും പിൻബലത്തിൽ 164 റൺസായിരുന്നു വിജയലക്ഷ്യമായി മുന്നോട്ട് വെച്ചത്. മറുപടിയായി ഷെയ്‌ൻ വാട്‌സണും യൂസഫ് പത്താനും എത്തിയപ്പോൾ രാജസ്ഥാൻ അവസാന പന്തിലാണ് അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്.
 
യൂസഫ് പത്താൻ 56, ഷെയ്‌ൻ വാട്‌സൺ 28,സ്വപ്‌നിൽ അസ്‌നോദ്‌ക്കർ 28 എന്നിവരായിരുന്നു രാജസ്ഥാന് വേണ്ടി ഫൈനലിൽ മികച്ച പ്രകട‌നം നടത്തിയത്. പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായി 14 വർഷങ്ങൾ പിന്നിടുമ്പോളും പിന്നൂടൊരു കിരീടനേട്ടം സ്വന്തമാക്കാൻ രാജസ്ഥാനായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article