ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലതിനു വേണ്ടി നായകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു; വിരാട് കോലിയെ തള്ളി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Webdunia
ശനി, 1 ജനുവരി 2022 (09:44 IST)
ട്വന്റി 20 നായകസ്ഥാനം ഒഴിയാന്‍ വിരാട് കോലി തീരുമാനമെടുത്തപ്പോള്‍ തങ്ങള്‍ അതിനെ എതിര്‍ത്തെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. കോലി നായകസ്ഥാനം ഒഴിയരുതെന്ന് സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതായി ചേതന്‍ ശര്‍മ വെളിപ്പെടുത്തി. നായകസ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചപ്പോള്‍ തല്‍സ്ഥാനത്ത് തുടരാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് കോലി നേരത്തെ പറഞ്ഞത്. എന്നാല്‍, കോലിയെ തള്ളുന്ന സമീപനമാണ് സെലക്ഷന്‍ കമ്മിറ്റിയുടേത്. 
 
ട്വന്റി 20 ലോകകപ്പിന് മുന്‍പാണ് ടി 20 നായകസ്ഥാനം ഒഴിയുകയാമെന്ന് കോലി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയാല്‍ അത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്നാണ് തങ്ങള്‍ വിലയിരുത്തിയതെന്നാണ് സെലക്ഷന്‍ കമ്മിറ്റി പരോക്ഷമായി പറഞ്ഞത്. ടീമിന്റെ നല്ലതിനു വേണ്ടി തല്‍ക്കാലം നായകസ്ഥാനത്ത് തുടരണമെന്ന് കോലിയോട് ആ സമയത്ത് ആവശ്യപ്പെട്ടിരുന്നതായി ചേതന്‍ ശര്‍മ പറഞ്ഞു. 
 
' സെപ്റ്റംബറില്‍ മീറ്റിങ് ആരംഭിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ആ മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവരും കോലിയോട് നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ലോകകപ്പില്‍ ടീമിന്റെ പ്രകടനത്തെ കോലിയുടെ തീരുമാനം ബാധിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ രക്ഷയ്ക്ക് വേണ്ടി ദയവായി നായകസ്ഥാനത്ത് തുടരൂ എന്ന് കോലിയോട് ആവശ്യപ്പെട്ടു. എല്ലാവരും അതേ ആവശ്യം ഉന്നയിച്ചിരുന്നു. ബിസിസിഐ അധികൃതരും അവിടെ ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം തന്റെ തീരുമാനം മാറ്റിയില്ല. ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിച്ചു,' ചേതന്‍ ശര്‍മ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article