മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍. ബിസിസിഐയുടെയും ടീം മാനേജ്‌മെന്റിന്റെയും കടുത്ത അവഗണനയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കുകയും ട്വന്റി 20 ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ഒരേസ്വരത്തില്‍ ചോദിക്കുന്നു.
അര്‍ഹതയുണ്ടായിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. രണ്ടാം ട്വന്റി 20 മത്സരത്തിലും സഞ്ജു ബെഞ്ചിലിരിക്കേണ്ടി വന്നു. രണ്ടാം ട്വന്റി 20 യില്‍ റിഷഭ് പന്ത് നേടിയത് 13 പന്തില്‍ വെറും ആറ് റണ്‍സാണ്. ട്വന്റി 20 ലോകകപ്പിലും പന്ത് പരാജയമായിരുന്നു. എന്നിട്ടും പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
റിഷഭ് പന്ത് ഇതുവരെ ഇന്ത്യക്ക് വേണ്ടി 65 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മിക്ക കളികളിലും പന്ത് പരാജയമാണ്. അതേസമയം, 2015 ല്‍ ഇന്ത്യക്ക് വേണ്ടി ട്വന്റി 20 യില്‍ അരങ്ങേറിയ സഞ്ജു എട്ടുവര്‍ഷത്തിനിടെ ഇതുവരെ കളിച്ചത് വെറും 16 മത്സരങ്ങള്‍. ശരാശരിയും സ്‌ട്രൈക്ക് റേറ്റും പരിശോധിച്ചാല്‍ റിഷഭ് പന്തിനേക്കാള്‍ മികച്ചതാണ് സഞ്ജുവിന്റേത്. എന്നിട്ടും സഞ്ജുവിനേക്കാള്‍ പരിഗണന ടീമില്‍ കിട്ടുന്നത് പന്തിന് ! ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. വേറെ ഏതെങ്കിലും ടീമില്‍ ആണെങ്കില്‍ സഞ്ജു ഉറപ്പായും അവരുടെ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആയിരിക്കുമെന്നും ഇന്ത്യയില്‍ ആയതുകൊണ്ടാണ് ഈ ദുര്‍ഗതിയെന്നുമാണ് ആരാധകരുടെ കമന്റ്.