ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. നിർണായകമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ശക്തമായി തിരിച്ചുവന്നു. വിരാട് കോഹ്ലിയുടെയും ഹർദ്ദിക് പാണ്ഡ്യയുടെയും പ്രകടനം ഇന്ത്യയെ തകർച്ചയിൽ നിന്നും അപമാനത്തിൽ നിന്നുമെല്ലാം കരകയറ്റി.
പക്ഷേ, കളിയുടെ അവസാനം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നായകൻ വിരാട് കോഹ്ലിക്ക് മാത്രമാണ് ലഭിച്ചത്. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ തെണ്ടുൽക്കർ. താനായിരുന്നു പുരസ്കാരം നൽകിയിരുന്നതെങ്കിൽ പുരസ്കാരം കോഹ്ലിക്കും പാണ്ഡ്യയ്ക്കും പങ്കിട്ട് നൽകുമായിരുന്നു എന്നാണ് സച്ചിൻ പറഞ്ഞത്.
രണ്ട് ഇന്നിങ്‌സിലും കോലി പുറത്തെടുത്ത പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കോലിയുടെ 97 റണ്‍സ് ഇന്ത്യക്ക് ശക്തമായ അടിത്തറയാണ് നൽകിയത്. രണ്ടാം ഇന്നിങ്‌സിലെ 103 റണ്‍സ് ഇംഗ്ലണ്ടിന് ചിന്തിക്കാൻ കൂടി കഴിയാത്ത വിജയലക്ഷ്യമാക്കാൻ കോഹ്ലിക്ക് കഴിഞ്ഞു.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ആറു ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദികിന്റെ പ്രകടനം വിസ്മരിക്കാനാകില്ല. രണ്ടാം ഇന്നിങ്‌സില്‍ അതിവേഗ അര്‍ദ്ധ സെഞ്ചുറിയിലൂടെ (52 പന്തില്‍ 52 റണ്‍സ്) ഇംഗ്ലണ്ടിനുള്ള വിജയലക്ഷ്യം 500-ന് മുകളിലെത്തിക്കുകയും ചെയ്തു.