എന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവുക 2 താരങ്ങള്‍ക്ക്, അന്ന് ലാറ പറഞ്ഞ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരവും

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (18:09 IST)
വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ 400 റണ്‍സ് റെക്കോര്‍ഡ് നേട്ടത്തിന് തൊട്ടരികെ വെച്ച് ഇന്നിങ്ങ്‌സ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മുള്‍ഡര്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയമാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടം സ്വന്തമാക്കാന്‍ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന് വെച്ചത് മണ്ടത്തരമാണെന്നാണ് ആരാധകരുള്‍പ്പടെ എല്ലാവരും കരുതുന്നത്. കൈയ്യകലം ഉണ്ടായിരുന്ന റെക്കോര്‍ഡ് നേട്ടം മുള്‍ഡര്‍ വേണ്ടെന്ന് വെച്ചപ്പോള്‍ ഇനി ആരായിരിക്കും ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
 
 എന്നാല്‍ കഴിഞ്ഞ വര്‍ഷം ലാറ തന്നെ ആരായിരിക്കും തന്റെ റെക്കോര്‍ഡ് തകര്‍ക്കുക എന്നതിനെ പറ്റി പറഞ്ഞിരുന്നുവെന്നാണ് മുന്‍ ഇംഗ്ലണ്ട് താരമായ മൈക്കിള്‍ അതേര്‍ട്ടണ്‍ പറയുന്നത്. സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ്കാസ്റ്റിനിടെയാണ് അതേര്‍ട്ടണ്‍ ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും താങ്കളുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍ ലാറ പറഞ്ഞത് ഇന്ത്യയുടെ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാളിന്റെയും ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്കിന്റെയും പേരുകളാണെന്ന് അതേര്‍ട്ടണ്‍ പറയുന്നു.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം തന്നെ 2 ഇരട്ടസെഞ്ചുറികള്‍ യശ്വസി ജയ്‌സ്വാള്‍ സ്വന്തമാക്കി കഴിഞ്ഞു. ഹാരി ബ്രൂക്കാവട്ടെ കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ 317 റണ്‍സ് നേടിയിരുന്നു. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലും ഇരു താരങ്ങളും സെഞ്ചുറികളുമായി തിളങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍