ഇന്ത്യയേയും ഉൾപ്പെടുത്തി ചതുർരാഷ്ട്ര ടി20 പരമ്പര: പുതിയ ആശയവുമായി പാക് ക്രിക്കറ്റ് ബോർഡ്

ബുധന്‍, 12 ജനുവരി 2022 (14:18 IST)
ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജ. ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ ഇംഗ്ലണ്ട്,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാകും പരമ്പരയിൽ കളിക്കുക.
 
അങ്ങനെയൊരു പരമ്പര സാധ്യമാവുകയാണെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന പ്രതിഫലം എല്ലാ ഐസിസി അംഗങ്ങൾക്കുമായി പങ്കുവെയ്‌ക്കുമെന്നും റമീസ് രാജ പറയുന്നു. എല്ലാ വർഷവും നടത്താൻ പറ്റുന്ന രീതിയിലാണ് ചതുർരാഷ്ട്ര പരമ്പര മുന്നോട്ട് വെച്ചിരിക്കുന്നത്.
 
അതേസമയം ഐസിസി ഇവന്റുകളിലും ഏഷ്യാകപ്പിലുമല്ലാതെ 2013ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയിട്ടില്ല. അതിനാൽ തന്നെ റമീസ് രാജയുടെ പ്രതികരണത്തോട് ബിസിസിഐ എത്തരത്തിൽ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി കളിച്ചത്. അന്ന് പത്ത് വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍