വീട്ടിൽ തിരിച്ചെത്തുമോ എന്നുറപ്പില്ലാതെ ജവാന്മാർ അതിർത്തിയിൽ നിൽക്കുമ്പോൾ ക്രിക്കറ്റ് എങ്ങനെ കളിക്കും?, വിമർശനവുമായി ഹർഭജൻ

അഭിറാം മനോഹർ

ബുധന്‍, 13 ഓഗസ്റ്റ് 2025 (19:01 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ബന്ധം വഷളായിട്ടും എഷ്യാകപ്പില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറായതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. വീട്ടിലേക്ക് തിരിച്ചെത്താനാകുമോ എന്നുറപ്പില്ലാതെ അതിര്‍ത്തിയില്‍ ജവാന്മാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാനാവുകയെന്നും ഹര്‍ഭജന്‍ ചോദിച്ചു.
 
എന്താണ് പ്രധാനമെന്നും അപ്രധാനമെന്നും തിരിച്ചറിയണം. എന്നെ സംബന്ധിച്ച് അതിര്‍ത്തിയില്‍ സൈനികര്‍ ജീവന്‍ പോലും തൃണവത്കരിച്ച് കാവല്‍ നില്‍ക്കുകയാണ്. അവര്‍ക്ക് ചിലപ്പോള്‍ അവരുടെ ജീവന്‍ തന്നെ ബലി കഴിക്കേണ്ടി വന്നേക്കാം. അവരുടെ ഈ കരുതല്‍ നമ്മളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു ക്രിക്കറ്റ് മത്സരം ഒഴിവാക്കുക എന്നത് ചെറിയ കാര്യമാണ്. നമ്മുടെ സര്‍ക്കാരിനും ഇതേ നിലപാടാണ്. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല എന്നതാണ് നമ്മുടെ നിലപാട്. ഇത്രയും ഗുരുതര പ്രശ്‌നങ്ങളുള്ളപ്പോള്‍ ക്രിക്കറ്റ് ഉള്‍പ്പടെയെല്ലാം ചെറിയ കാര്യമാണ്.
 
നമ്മുടെ വിലാസം എന്ത് തന്നെയായാലും അതിന് നാം കടപ്പെട്ടിരിക്കുന്നത് രാജ്യത്തിനോടാണ്. കായികതാരമായാലും സിനിമാതാരമായാലും മറ്റാരായാലും ഈ രാജ്യത്തേക്കാള്‍ വലുതല്ല. രാജ്യമാണ് വലുത്. അതിനോട് നമുക്ക് വലിയ കടപ്പാടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള നേതാക്കന്മാരുടെ പ്രസ്താവനകള്‍ക്കും പ്രതികരണങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്ന അമിതമായ പ്രാധാന്യം അവസാനിപ്പിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാനാകുകയെന്നും ഹര്‍ഭജന്‍ ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍