ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീര്‍ ഭീകരവാദി ഒസാമ ബിന്‍ ലാദനെ പോലെയാണ് പെരുമാറുന്നതെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍. അമേരിക്കയില്‍ വെച്ച് നടന്ന പരിപാടിക്കിടെ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് മൈക്കല്‍ റൂബിന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.
അമേരിക്കന്‍ മണ്ണില്‍ നിന്ന് പാക് സൈനിക മേധാവിയുടെ വെല്ലുവിളി ഒരിക്കലും അംഗീകരിക്കാനാവില്ല. പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ പറഞ്ഞതിനെ ഓര്‍മിപ്പിക്കുന്നു. അസിം മുനീര്‍ സ്യൂട്ടിട്ട ഒസാമയാണെന്നും ഒരു രാഷ്ട്രം എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പാകിസ്ഥാനാകുമോ എന്നതില്‍ ആശങ്കയുണ്ടെന്നും മൈക്കല്‍ റൂബിന്‍ പറഞ്ഞു.
യു എസ് സന്ദര്‍ശനത്തിനിടെയാണ് പാകിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിവന്നാല്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്ന് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. വ്യാപാരക്കരാറിലെ തര്‍ക്കത്തെ തുടര്‍ന്ന് നിലവില്‍ ഇന്ത്യയുമായി ഇടഞ്ഞ യുഎസ് പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ വെച്ച് അസിം മുനീര്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍ നിര്‍മാണം പൂര്‍ത്തിയായതും മിസൈല്‍ അയച്ച് തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞിരുന്നു.