എല്ലാം കളിക്കാൻ നിന്നാൽ പണി കിട്ടും, ബുമ്ര ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിട്ട് നിൽക്കണമെന്ന് ഷോയ്ബ് അക്തർ

അഭിറാം മനോഹർ
ഞായര്‍, 15 ഡിസം‌ബര്‍ 2024 (08:24 IST)
ഇന്ത്യന്‍ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്ര ഇന്ന് 3 ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാനതാരമാണ്. കരിയറില്‍ പലപ്പോഴും പരിക്കിന്റെ പിടിയിലായിട്ടുള്ള താരമാണ് ബുമ്ര. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെ പോലും ബുമ്ര പൂര്‍ണ ആരോഗ്യവാനല്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ പ്ലെയിംഗ് ഇലവനിലും ബുമ്ര ഇടം പിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദീര്‍ഘമായ കരിയറിനായി ബുമ്ര ടെസ്റ്റ് ഫോര്‍മാറ്റ് ഉപേക്ഷിക്കണമെന്നാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തറിന്റെ ഉപദേശം.
 
ടി20 മത്സരങ്ങക്കും ഏകദിനമത്സരങ്ങള്‍ക്കും ദൈര്‍ഘ്യം കുറവാണ്. ബുമ്രയ്ക്ക് ഈ ഫോര്‍മാറ്റുകളില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കും. പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ബുമ്ര തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കൂടുതല്‍ ഓവറുകള്‍ എറിയേണ്ടതായി വരും. കൂടാതെ പേസും ആവ്ശ്യമാണ്. വേഗത കുറയുകയും പന്ത് സ്വിങ്ങ് ചെയ്യിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആളുകള്‍ നിങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യും. ടെസ്റ്റില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും അധികമാണ്. ബുമ്രയ്ക്ക് ടെസ്റ്റില്‍ തുടരണമെങ്കില്‍ പേസ് വര്‍ധിപ്പിക്കേണ്ടതായി വരും. അങ്ങനെ ചെയ്യുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും അധികമാണ്. ബുമ്രയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമായി തുടര്‍ന്നേനെ അക്തര്‍ പറഞ്ഞു. 
 
 ബുമ്രയെ പോലുള്ള താരങ്ങളെ സംരക്ഷിക്കണമെന്നും അമിതമായ ജോലിഭാരം നല്‍കരുതെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 42 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 20.01 ശരാശരിയില്‍ 185 വിക്കറ്റുകളാണ് ബുമ്രയുടെ പേരിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article