Pak vs Eng: 200 പിന്നിട്ട് റൂട്ടൂം ബ്രൂക്കും, അപൂർവ റെക്കോർഡ് മുന്നിൽ, ലാറയെ തകർക്കുമോ റൂട്ട്!

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (12:41 IST)
Joe Root, Harry Brook
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി കുറിച്ച് ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും. മുള്‍ട്ടാനിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും നായകന്‍ ഷാന്‍ മസൂദിന്റെയും സല്‍മാന്‍ അലി ആഘയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 149 ഓവറില്‍ 556 റണ്‍സാണ് നേടിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വെറും 4 റണ്‍സില്‍ തന്നെ നേടാനായെങ്കിലും പിന്നീട് മത്സരത്തില്‍ പാകിസ്ഥാന് ഒരു അവസരം പോലും നല്‍കാതെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മുന്നേറിയത്.
 
 ഓപ്പണിംഗ് താരമായ സാക് ക്രോളി 78 റണ്‍സിനും ഒലി പോപ്പ് പൂജ്യത്തിനും പുറത്തായപ്പോള്‍ ബെന്‍ ഡെക്കറ്റ് 75 പന്തില്‍ 84 റണ്‍സുമായി മടങ്ങി. ടീം സ്‌കോര്‍ 249ല്‍ നില്‍ക്കെ കൂടിചേര്‍ന്ന ജോ റൂട്ട്- ഹാരി ബ്രൂക്ക് സഖ്യമാണ് ഇപ്പോഴും ക്രീസില്‍ തുടരുന്നത്. രണ്ടുതാരങ്ങളും ഇരട്ടസെഞ്ചുറികള്‍ സ്വന്തമാക്കി. നിലവില്‍ 250 പിന്നിട്ട ജോ റൂട്ടും 200 കടന്ന ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. മുള്‍ട്ടാന്റെ ടെസ്റ്റിന്റെ നാലാം ദിനം ഇരുവരും ക്രീസില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ ഈ സഖ്യത്തിന് തകര്‍ക്കാനാകും.
 
 നിലവില്‍ 250 റണ്‍സ് കടന്ന് മുന്നേറുന്ന ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിന് അരികിലാണ്. ലെഞ്ചിന് പിരിയുമ്പോള്‍ 259* റണ്‍സുമായി ജോ റൂട്ടും 218* റണ്‍സുമായി ഹാരി ബ്രൂക്കും ക്രീസിലുണ്ട്. നാലാം ദിനം പൂര്‍ണ്ണമായും തുടരാനായാല്‍ ഇരുതാരങ്ങള്‍ക്കും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കാന്‍ കഴിയും. ഇത് കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ 400 റണ്‍സ് നേട്ടവും സ്വന്തമാക്കാനുള്ള സാധ്യത 2 താരങ്ങള്‍ക്ക് മുന്നിലും തുറക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article