India Women, T20 World Cup Point Table: എഴുതി തള്ളിയവരൊക്കെ എവിടെ? സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ വനിത ടീം, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം നിര്‍ണായകം
സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഉയര്‍ന്ന മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ഥന (38 പന്തില്‍ 50), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (27 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഷഫാലി വെര്‍മ 40 പന്തില്‍ 43 റണ്‍സെടുത്തു. ബൗളിങ്ങില്‍ ഇന്ത്യക്കായി അരുന്ധതി റെഡ്ഡി, മലയാളി താരം ആശ ശോഭന എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. രേണുക സിങ്ങിന് രണ്ട് വിക്കറ്റ്. ശ്രേയങ്ക പട്ടീലും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു 58 റണ്‍സിനു തോറ്റ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നില്‍ പോയിരുന്നു. ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതോടെ നില മെച്ചപ്പെടുത്തി. അപ്പോഴും നെറ്റ് റണ്‍റേറ്റ് വലിയൊരു കടമ്പയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ ജയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും പോയിന്റ് ടേബിളില്‍ രണ്ടാമത് എത്തിക്കുകയും ചെയ്തു. നിലവിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം. ഒക്ടോബര്‍ 13 നു നടക്കുന്ന ഈ കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം.