Pak vs Eng: പേരുകേട്ട പേസ് പടയുള്ളപ്പോഴും ഇംഗ്ലണ്ടിന് ഹൈവേ ഒരുക്കി പാകിസ്ഥാൻ, അടിച്ച് തകർത്ത് റൂട്ടും പിള്ളേരും

അഭിറാം മനോഹർ

വ്യാഴം, 10 ഒക്‌ടോബര്‍ 2024 (11:55 IST)
Joe Root, Harry Brook
ക്രിക്കറ്റ് ലോകത്ത് എക്കാലവും പ്രശസ്തമാണ് പാകിസ്ഥാന്റെ പേസ് ബാറ്ററി. എല്ലാ കാലഘട്ടത്തിലും ലോകത്തിലെ മികച്ച പേസര്‍മാരെ സമ്മാനിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. നിലവിലെ ടീമില്‍ പോലും ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങി മികച്ച പേസര്‍മാര്‍ പാക് നിരയിലുണ്ട്. എങ്കിലും പാകിസ്ഥാന്‍ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം ബാറ്റിംഗിനെ അനുകൂലിക്കുന്ന വിക്കറ്റുകളാണ് പാകിസ്ഥാന്‍ ഒരുക്കാറുള്ളത്. ബംഗ്ലാദേശിനെതിരെ തിരിച്ചടി ലഭിച്ച ശേഷം ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ഒരുക്കിയ പിച്ചും വ്യത്യസ്തമല്ല.
 
 ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിലെ ഹൈവേ പോലുള്ള പിച്ചില്‍ പാക് ബാറ്റര്‍മാര്‍  556 റണ്‍സിന് പുറത്തായപ്പോള്‍ സമാനമായ പ്രകടനം ഇംഗ്ലണ്ടും നടത്തുമെന്ന് ഉറപ്പായിരുന്നു. പാകിസ്ഥാന്‍ നിരയില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീഖ്(102),നായകന്‍ ഷാന്‍ മസൂദ്(151), സല്‍മാന്‍ അലി ആഘ(104) എന്നിവരായിരുന്നു സെഞ്ചുറി പ്രകടനങ്ങള്‍ നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടാകട്ടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 120 ഓവറില്‍ 593 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്. 76 റണ്‍സുമായി സാക് ക്രോളിയും 84 റണ്‍സുമായി ബെന്‍ ഡെക്കറ്റും റണ്‍സൊന്നുമെടുക്കാതെ നായകന്‍ ഒലിപോപ്പുമാണ് മടങ്ങിയത്.
 
 അതേസമയം ഇരട്ടസെഞ്ചുറിയുമായി കുതിപ്പ് തുടരുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. തന്റെ ടെസ്റ്റ് കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണ് ജോ റൂട്ട് കുറിച്ചത്. പാകിസ്ഥാനില്‍ കൂടി ഇരട്ടസെഞ്ചുറി സ്വന്തമാക്കിയതോടെ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ജോ റൂട്ടിനായി. 334 പന്തില്‍ 228 റണ്‍സുമായി ജോ റൂട്ടും 231 പന്തില്‍ 187 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് നിലവില്‍ ക്രീസിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍