ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം, റെക്കോർഡുകൾ ശീലമാക്കി ജോ റൂട്ട്

അഭിറാം മനോഹർ

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:21 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ റ്റെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. രണ്ടാം ദിവസം വ്യക്തിഗത സ്‌കോര്‍ 27 റണ്‍സിലെത്തിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 5000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം റൂട്ട് സ്വന്തമാക്കി.
 
 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 5005 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 3904 റണ്‍സുമായി ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നും 3484 റണ്‍സുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അതേസമയം മത്സരത്തില്‍ 39 റണ്‍സ് പിന്നിട്ടതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും റൂട്ടിന് സ്വന്തമായി. പാകിസ്ഥാനെതിരായ പ്രകടനത്തോടെ 2024ല്‍ 1000 ടെസ്റ്റ് റണ്‍സുകളെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് റൂട്ട് ഈ നേട്ടത്തിലെത്തുന്നത്. 6 തവണ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്.
 
 ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് തവണ 1000 റണ്‍സ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സ്വന്തമാക്കിയ റൂട്ട് നിലവില്‍ ബ്രയന്‍ ലാറ,മാത്യൂ ഹെയ്ഡന്‍,ജാക്വസ് കാലിസ്,റിക്കി പോണ്ടിംഗ്,കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക് എന്നീ താരങ്ങള്‍ക്കൊപ്പമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍