ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പാകിസ്ഥാനെ വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കുതിച്ച് ബംഗ്ലാദേശ്, ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെ

അഭിറാം മനോഹർ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (18:02 IST)
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ്. പാകിസ്ഥാനെതിരെ 2 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരാന്‍ ബംഗ്ലാദേശിനായിരുന്നു. ഇതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ബംഗ്ലാദേശ് നില മെച്ചപ്പെടുത്തിയത്. 6 മത്സരങ്ങളില്‍ നിന്നും 3 വിജയവും 3 തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്റും 45.83 വിജയശതമാനവുമായി പട്ടികയില്‍ നാലാമതാണ്. ഇംഗ്ലണ്ടാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
 
 6 ടെസ്റ്റില്‍ 3 വിജയവും തോല്‍വിയുമായി 36 പോയന്റും 50 ശതമാനം വിജയവുമുള്ള ന്യൂസിലന്‍ഡ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ 8 വിജയവും ഒരു സമനിലയും 3 തോല്‍വിയുമുള്ള ഓസ്‌ട്രേലിയ 90 പോയന്റും 62.50 വിജയശതമാനവുമായി ലിസ്റ്റില്‍ രണ്ടാമതാണ്. 9 ടെസ്റ്റുകളില്‍ 6 വിജയവും 2 തോല്‍വിയും ഒരു സമനിലയുമടക്കം 74 പോയന്റും 68.52 വിജയശതമാനവുമുള്ള ഇന്ത്യയാണ് ലിസ്റ്റില്‍ ഒന്നാമത്.
 
ഇംഗ്ലണ്ടിന് പിന്നിലായി ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ 19.05 വിജയശതമാനത്തിലേക്കെത്തിയ പാകിസ്ഥാന്‍ ലിസ്റ്റില്‍ എട്ടാമതാണ്. വെസ്റ്റിന്‍ഡീസാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. അതേസമയം പാകിസ്ഥാനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍. ഇതിന് പിന്നാലെ ന്യൂസിലന്‍ഡുമായി 3 ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയക്കതിരെ 5 ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. കഴിഞ്ഞ 2 തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയെങ്കിലും കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍