ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

അഭിറാം മനോഹർ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (16:08 IST)
ബംഗ്ലാദേശിനെതിരായ  ടി20 പരമ്പരയില്‍ ഉപനായകനായ ശുഭ്മാന്‍ ഗില്‍ കളിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകളുണ്ട്. ഈ സാഹചര്യത്തിലാണ് റിഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കാന്‍ ആലോചിക്കുന്നത്.
 
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്ക്വാദുമാകും ടി20 ടീമിലെ ഓപ്പണര്‍മാര്‍. സിംബാബ്വെയ്‌ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച അഭിഷേക് ശര്‍മയും ടീമില്‍ തിരിച്ചെത്തിയേക്കും. റിഷഭ് പന്തിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ സഞ്ജു സാംസണാകും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ,ശിവം ദുബെ,റിയാന്‍ പരാഗ്,വാഷിങ്ങ്ടന്‍ സുന്ദര്‍ എന്നിവര്‍ കളിച്ചേക്കും. സൂര്യകുമാര്‍ യാദവാണ് ടി20യിലെ നായകനാവുക.
 
 ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അസാന്നിധ്യത്തില്‍ ഖലീല്‍ അഹമ്മദ്,മുകേഷ് കുമാര്‍,അര്‍ഷദീപ് സിങ് എന്നിവരാകും 15 അംഗ ടീമിലെ പേസര്‍മാര്‍. ഇവരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ചാല്‍ ആവേശ് ഖാന്‍ പേസറായി ടീമിലെത്തും. 3 മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍