പരാജയങ്ങൾ തുടർക്കഥ, ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ പത്തിൽ നിന്നും ബാബർ പുറത്ത്, നേട്ടമുണ്ടാക്കി സ്മിത്ത്
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കനത്ത തിരിച്ചടി. 2019 ഡിസംബറിന് ശേഷം ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്നും ബാബര്‍ അസം പുറത്തായി. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നായി 64 റണ്‍സ് മാത്രമായിരുന്നു ബാബര്‍ നേടിയത്. 2022 ഡിസംബറിന് ശേഷം ഒരു സെഞ്ചുറി പോലും സ്വന്തമാക്കാന്‍ ബാബറിനായിട്ടില്ല. ടെസ്റ്റില്‍ കഴിഞ്ഞ 16 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബാബറിനായിട്ടില്ല. നിലവിലെ റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ബാബര്‍.
922 പോയന്റുകളുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമത്. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്താണ്. ഹാരി ബ്രൂക്ക് നാലാം സ്ഥാനത്ത് നിന്നും അഞ്ചിലേക്ക് വീണു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഓസീസിന്റെ ഉസ്മാന്‍ ഖവാജ, പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് 9,10 സ്ഥാനങ്ങളിലുള്ളത്.