Rinku Singh: പന്ത് ശരിയായി ബാറ്റില്‍ വരുന്നില്ലെന്ന് നിതീഷ് പറഞ്ഞു, തുടക്കം പതുക്കെയാക്കി, അടിച്ചുപരത്താന്‍ ഗംഭീറിന്റെ നിര്‍ദേശമുണ്ടായിരുന്നു: റിങ്കു സിംഗ്
സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ് കോച്ചും ക്യാപ്റ്റനും ആവശ്യപ്പെട്ടത്. സാഹചര്യം നോക്കേണ്ട, കൂറ്റനടികളിലൂടെ സ്‌കോറിംഗ് ഉയര്‍ത്തു എന്നതായിരുന്നു നിര്‍ദേശം. ടീം നില്‍ക്കുന്ന അവസ്ഥ നോക്കിയാണ് പൊതുവെ ഞാന്‍ ബാറ്റ് ചെയ്യാറുള്ളത്. നേരത്തെ ബാറ്റിംഗിനിറങ്ങിയാല്‍ മോശം പന്തുകളെ ആക്രമിക്കുന്നതും 2-3 ഓവര്‍ മാത്രമാണുള്ളതെങ്കില്‍ പരമാവധി സ്‌കോറിംഗ് ഉയര്‍ത്താനുമാണ് ഞാന്‍ ലക്ഷ്യമിടാറുള്ളത്. സഞ്ജുവും സൂര്യ ഭായിയും പുറത്തായി ക്രീസിലെത്തിയപ്പോള്‍ പന്ത് ശരിയായി ബാറ്റിലേക്ക് വരുന്നില്ലെന്നാണ് നിതീഷ് എന്നോട് പറഞ്ഞത്.
അതിനനുസരിച്ച് ഞാന്‍ ബാറ്റിംഗ് ക്രമീകരിച്ചു. ക്ഷമയോടെ നിന്ന് കൂട്ടുക്കെട്ട് സൃഷ്ടിക്കുന്നതായിരുന്നു പ്ലാന്‍. നിതീഷ് സിക്‌സുകള്‍ നേടി ഗിയര്‍ മാറ്റി. ടി20യില്‍ മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അവസരം കിട്ടിയാല്‍ 3 ഫോര്‍മാറ്റിലും ടീമിനായി കളിക്കും. റിങ്കു വ്യക്തമാക്കി. മത്സരത്തില്‍ ഇന്ത്യ 41 റണ്‍സിന് 3 വിക്കറ്റ് എന്ന ഘട്ടത്തിലാണ് റിങ്കു ക്രീസിലെത്തിയത്.നിതീഷിനൊപ്പം നാലാം വിക്കറ്റില്‍ 49 പന്തില്‍ 108 റണ്‍സാണ് സഖ്യം അടിച്ചെടുത്തത്. 29 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 53 റണ്‍സാണ് റിങ്കു നേടിയത്. നിതീഷ് 34 പന്തില്‍ 7 സിക്‌സും 4 ഫോറുമടക്കം 74 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.