ജയിക്കണമെങ്കിൽ ഒരുത്തനെങ്കിലും 50 പന്ത് തികച്ച് കളിക്കണ്ടെ, വിമർശനവുമായി ആകാശ് ചോപ്ര

അഭിറാം മനോഹർ
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:25 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ പിടിപ്പുക്കേടാണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പിച്ചില്‍ യാതൊരു അപകടവുമില്ലെന്ന് വ്യക്തമായ രണ്ടാം ഇന്നിങ്ങ്‌സില്‍ പോലും ഒരു ബാറ്ററും 50 പന്തുകള്‍ തികച്ചും ബാറ്റ് ചെയ്തില്ലെന്നാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം. ഇത്തരം പ്രകടനം കൊണ്ട് എങ്ങനെ ടെസ്റ്റ് മത്സരത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും ചോപ്ര ചോദിച്ചു. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
 
രണ്ടാം ഇന്നിങ്ങ്‌സുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് കൂടുതല്‍ പന്തുകള്‍ നേരിട്ടത്. 47 പന്തുകള്‍ നേരിട്ട നിതീഷ് കുമാര്‍ 6 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്താണ് മടങ്ങിയത്. യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവര്‍ 31 പന്ത് വീതവും ശുഭ്മാന്‍ ഗില്‍ 30 പന്തുമാണ് മത്സരത്തില്‍ നേരിട്ടത്. ഒരു ടെസ്റ്റ് മത്സരത്തില്‍ 2 ഇന്നിങ്ങ്‌സുകളിലുമായി 80 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാനാകുന്നില്ലെങ്കില്‍ അത് പ്രശ്‌നമാണ്. 80-100 പന്തുകള്‍ കളിക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരു ബാറ്റര്‍ പോലും ടീമിലില്ല. 50 റണ്‍സിനെ പറ്റിയല്ല നമ്മള്‍ സംസാരിക്കുന്നത്. 50 പന്തുകളെ പറ്റിയാണ്. ഒരു വിക്കറ്റ് പോലും കളയാതെ ഒരു സെഷനെങ്കിലും പൂര്‍ണമായി ബാറ്റ് ചെയ്യാന്‍ നമുക്ക് കഴിയേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതും സംഭവിച്ചില്ല. ഇന്ത്യന്‍ ബാറ്റിംഗിന്റെ ദൗര്‍ബല്യങ്ങള്‍ അഡലെയ്ഡ് ടെസ്റ്റിലൂടെ പുറത്തായെന്നും തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം ബാറ്റര്‍മാര്‍ക്കാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article