Virat Kohli: ഫോര്‍ത്ത് സ്റ്റംപിന്‍ പന്തെറിയൂ, ഞാന്‍ ഔട്ടാകാം; പിഴവ് ആവര്‍ത്തിച്ച് കോലി, രണ്ടാം ഇന്നിങ്‌സില്‍ 11 ന് പുറത്ത്

രേണുക വേണു

ശനി, 7 ഡിസം‌ബര്‍ 2024 (16:36 IST)
Virat Kohli

Virat Kohli: അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി വിരാട് കോലി. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ കോലി 21 പന്തുകളില്‍ നിന്ന് വെറും 11 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സിനായിരുന്നു കോലിയുടെ പുറത്താകല്‍. 
 
ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്ത് കളിക്കാന്‍ നോക്കിയാണ് ഇത്തവണയും കോലി ഔട്ടായത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. ഫോര്‍ത്ത് സ്റ്റംപില്‍ വന്ന പന്ത് ലീവ് ചെയ്യാന്‍ കോലിക്ക് മനസുവന്നില്ല. ശ്രദ്ധിച്ചു കളിച്ചിരുന്നെങ്കില്‍ കോലിയുടെ വിക്കറ്റ് നഷ്ടമാകില്ലായിരുന്നെന്നും ആരാധകര്‍ പറയുന്നു. 
 
ഫോര്‍ത്ത് സ്റ്റംപില്‍ പന്തെറിഞ്ഞാല്‍ ഫ്രീയായി വിക്കറ്റ് തരാം എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കോലി എത്തിയെന്നും സ്വന്തം ബലഹീനത മനസിലാക്കി തിരുത്താനുള്ള ശ്രമം താരം നടത്തുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. 
 
ഒന്നാം ഇന്നിങ്‌സില്‍ ഓഫ് സൈഡില്‍ ഫിഫ്ത് സ്റ്റംപ് ലൈനില്‍ വന്ന പന്ത് കളിക്കാന്‍ നോക്കിയാണ് കോലിയുടെ പുറത്താകല്‍. ലീവ് ചെയ്യേണ്ടിയിരുന്ന പന്ത് കോലിയുടെ ബാറ്റില്‍ എഡ്ജ് എടുത്ത് സ്മിത്തിന്റെ കൈകളിലേക്ക് ഭദ്രമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. പന്ത് ജഡ്ജ് ചെയ്തു ലീവ് ചെയ്യാന്‍ വൈകിയതാണ് കോലിയുടെ ഒന്നാം ഇന്നിങ്‌സ് വിക്കറ്റിനു കാരണമായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍