IPL Playoff: ആദ്യ 2 സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 5 ടീമുകൾ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം, ടീമുകളെ സാധ്യതകൾ എങ്ങനെ?

അഭിറാം മനോഹർ

ചൊവ്വ, 6 മെയ് 2025 (20:23 IST)
സാധാരണയായി ഒരു ഐപിഎല്‍ സീസണില്‍ 16 പോയന്റ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയാല്‍ ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ പ്ലേ ഓഫിലേക്ക് അടുക്കും തോറും കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ പ്ലേ ഓഫ് മോഹം തന്നെ ഉപേക്ഷിച്ചപ്പോള്‍ നിലവില്‍ അഞ്ച് ടീമുകളാണ് പ്ലേ ഓഫിലേക്ക് ആദ്യ 2 സ്ഥാനക്കാരായി യോഗ്യത നേടാനായി മത്സരിക്കുന്നത്.
 
 പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് 11 കളികളില്‍ നിന്നും 8 വിജയവുമായി 16 പോയന്റുകളാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 15 പോയന്റുമായി പഞ്ചാബ് സൂപ്പര്‍ കിംഗ്‌സും 14 പോയന്റുമായി മുംബൈ ഇന്ത്യന്‍സുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. നാലാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനും 14 പോയന്റാണെങ്കിലും 10 മത്സരങ്ങളിലാണ് അവര്‍ കളിച്ചിട്ടുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് 11 കളികളില്‍ നിന്നും 13 പോയന്റുകളാണുള്ളത്. ഇവര്‍ക്കും നിലവില്‍ പ്ലേ ഓഫില്‍ ആദ്യ 2 സ്ഥാനത്തെത്താന്‍ അവസരമുണ്ട്.
 
പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള 3 മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ആര്‍സിബിക്ക് ആവശ്യമായിട്ടുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് ബെംഗളുരുവിന്റെ എതിരാളി. ഇതില്‍ 2 മത്സരങ്ങളിലെ വിജയം ആദ്യ 2 സ്ഥാനങ്ങളിലെത്താന്‍ ബെംഗളുരുവിനെ സഹായിക്കും.
Punjab Kings
 
അതേസമയം പഞ്ചാബിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണമെങ്കിലും വിജയിക്കാനായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാകും. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ എന്നിവരാണ് പഞ്ചാബിന്റെ എതിരാളികള്‍. ഇതില്‍ മുംബൈ ഇന്ത്യന്‍സിനോട് വിജയിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകാന്‍ ഇടയുണ്ട്.
Jasprit Bumrah Record
 
അതേസമയം മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന 3 മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും വിജയിക്കേണ്ടി വരും. ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ശക്തരായ എതിരാളികള്‍ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരങ്ങള്‍. ഗുജറാത്തിനാകട്ടെ ഇനിയുള്ള 4 മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിക്കാനായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. മുംബൈ, ഡല്‍ഹി, ലഖ്‌നൗ, ചെന്നൈ എന്നിവരാണ് ഗുജറാത്തിന്റെ എതിരാളികള്‍. 
Delhi Capitals
 
 നിലവില്‍ പ്ലേ ഓഫ് സാധ്യതകളുണ്ടെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന് കാര്യങ്ങള്‍ പക്ഷേ ദുഷ്‌കരമാണ്. കഴിഞ്ഞ 7 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. 11 കളികളില്‍ 13 പോയന്റുള്ള ഡല്‍ഹിക്ക് ശേഷിക്കുന്ന 3 മത്സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്. എന്നാല്‍ ശക്തരായ പഞ്ചാബ്, ഗുജറാത്ത്, മുംബൈ എന്നിവരെയാണ് ഡല്‍ഹിക്ക് ഇനിയുള്ള മത്സരങ്ങളിലെ എതിരാളികള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍