Shivalik Sharma: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

അഭിറാം മനോഹർ

ചൊവ്വ, 6 മെയ് 2025 (14:41 IST)
Shivalik Sharma arrest
മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശര്‍മ ബലാത്സംഗകേസില്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കുടി ഭഗത്സനി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ പോലീസാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ശിവാലിക്കിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 
2023 ഫെബ്രുവരിയില്‍ ഒരു യാത്രയ്ക്കിടെയാണ് ജോധ്പൂര്‍ സ്വദേശിയായ യുവതിയെ ശിവാലിക് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലാണ്. ഇരുകൂട്ടരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹനിശ്ചയത്തിലേക്ക് വരെ ബന്ധം നീണ്ടിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹനിശ്ചയത്തിന് ശേഷം ശിവാലിക് ജോധ്പൂരിലേക്ക് വരികയും യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
 
 എന്നാല്‍ 2024 ഓഗസ്റ്റില്‍ ഈ ബന്ധം തുടരാനാകില്ലെന്ന് ശിവാലിക് യുവതിയേയും വീട്ടുകാരെയും അറിയിച്ചു. അവനൊരു ക്രിക്കറ്റ് താരമാണെന്നും മറ്റ് ബന്ധങ്ങള്‍ പരിഗണിക്കുന്നുവെന്നുമാണ് ശിവാലിക്കിന്റെ മാതാപിതാക്കള്‍ അറിയിച്ചത്. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.  ബറോഡ സ്വദേശിയായ ശിവാലിക് ഇടം കയ്യന്‍ ബാറ്റിംഗ് ഓള്‍റൗണ്ടറാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണീല്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ നവംബറിലെ താരലേലത്തില്‍ താരത്തെ മുംബൈ റിലീസ് ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍