Mumbai Indians: ബാറ്റിങ്ങിൽ സൂര്യയും രോഹിത്തും ഹാർദ്ദിക്കും, ബൗളിങ്ങിൽ ബുമ്ര, ചഹാർ, ബോൾട്ട്, ഈ മുംബൈയെ തൊടാനാവില്ല
ഓപ്പണിങ്ങില്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ നല്‍കുന്ന മികച്ച തുടക്കങ്ങള്‍ക്കൊപ്പം രോഹിത് കൂടി താളത്തിലെത്തിയപ്പോള്‍ ഐപിഎല്ലിലെ തന്നെ മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ടുകളില്‍ ഒന്നായി അത് മാറി. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും നമ്മള്‍ കണ്ട് ശീലിച്ച സൂര്യയായിരുന്നില്ല ആദ്യ മത്സരങ്ങളില്‍ മുംബൈ ടീമിനൊപ്പം കണ്ടത്. മത്സരങ്ങള്‍ പുരോഗമിക്കും തോറും സൂര്യ താളം വീണ്ടെടുത്തതോടെ ഓറഞ്ച് ക്യാപ്പിലേക്കുള്ള സൂര്യയുടെ അവിശ്വസനീയമായ കുതിപ്പും പെട്ടെന്നായിരുന്നു. മധ്യനിരയില്‍ ഹാര്‍ദ്ദിക്കും തിലകുമെല്ലാം നല്‍കുന്ന ഫയര്‍ പവറും മുംബൈയെ അപകടകാരികളാക്കുന്നു.
അതേസമയം ടൂര്‍ണമെന്റിന് മുന്‍പ് തന്നെ ഏറ്റവും അപകടകാരികളായ ബൗളിംഗ് ത്രയമെന്ന വിശേഷണം നേടിയ ബുമ്ര, ബോള്‍ട്ട് ചാഹര്‍ എന്ന ബിബിസി സഖ്യവും തങ്ങളുടെ പേരിനൊത്ത പ്രകടനങ്ങളാണ് നടത്തുന്നത്. ആദ്യ മത്സരങ്ങളില്‍ ബുമ്രയുടെ അഭാവം ബാധിച്ചെങ്കിലും പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ബുമ്രയും വിശ്വരൂപം പ്രകടിപ്പിച്ചതോടെ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയായി മുംബൈ നിര മാറികഴിഞ്ഞു. സ്പിന്നറെന്ന നിലയില്‍ കരണ്‍ ശര്‍മയും മികച്ച ബാലന്‍സാണ് ടീമിന് നല്‍കുന്നത്.
പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള 3 കളികളില്‍ ഒരു വിജയം മാത്രമാണ് മുംബൈയ്ക്ക് വേണ്ടത്. പ്ലേ ഓഫിലെത്തിയാല്‍ ഫൈനല്‍ കാണാതെ മടങ്ങിയിട്ടില്ല എന്നതും ഫൈനല്‍ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്നതില്‍ കൃത്യമായ ധാരണയുള്ള താരങ്ങള്‍ ടീമിനൊപ്പമുള്ളതും മുംബൈയെ സീസണിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നു എന്നതില്‍ സംശയമില്ല.