Pakistan vs Newzealand: പൂജ്യത്തിന് 2 വിക്കറ്റ് നഷ്ടം, പാകിസ്ഥാന് മാറ്റമൊന്നുമില്ല, ന്യൂസിലൻഡിനെതിരെ 91 റൺസിന് പുറത്ത്: വമ്പൻ തോൽവി

അഭിറാം മനോഹർ
ഞായര്‍, 16 മാര്‍ച്ച് 2025 (09:47 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മോശം പ്രകടനം നടത്തി പുറത്തായതോടെ പാകിസ്ഥാന്‍ ടീമിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുഖം രക്ഷിക്കാനായി നായകനെയും സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെയും ടി20 ഫോര്‍മാറ്റില്‍ പുറത്താക്കിയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പാകിസ്ഥാന്‍ എത്തിയത്. എന്നാല്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍.
 
 ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗ്ലി ഓവലില്‍ നടന്ന് ആദ്യ മത്സരത്തില്‍ വെറും 91 റണ്‍സിനാണ് പാകിസ്ഥാന്‍ ടീം പുറത്തായത്. ഓപ്പണര്‍മാരായ മുഹമ്മദ് ഹാരിസും ഹസന്‍ നവാസും പൂജ്യരായി മടങ്ങിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുന്‍പെ 2 പാക് വിക്കറ്റുകള്‍ നഷ്ടമായി. 30 പന്തില്‍ 3 സിക്‌സുകളടക്കം 32 റണ്‍സ് നേടിയ ഖുല്‍ദില്‍ ഷാ മാത്രമാണ് പാക് നിരയില്‍ തകര്‍ത്തത്. നായകന്‍ സല്‍മാന്‍ ആഗ 20 പന്തില്‍ 2 ഫോറ്ടക്കം 18 റണ്‍സും ജഹന്‍ദാദ് ഖാന്‍ 17 പന്തില്‍ ഒരു സിക്‌സടക്കം 17 റണ്‍സും നേടി. മറ്റ് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്കൊന്നും തന്നെ രണ്ടക്കം കാണാനായില്ല.
 
ന്യൂസിലന്‍ഡിനായി ജേക്കബ് ഡുഫി 3.4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റും കെയ്ല്‍ ജാമിസണ്‍ നാല്‍ ഓവറില്‍ 8 റണ്‍സ് വഴങ്ങി 3 വിക്കറ്റും സ്വന്തമാക്കി. ഇഷ് സോധി 2 വിക്കറ്റും സകാരി ഫോല്‍ക്‌സ് ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയാായിരുന്നു. 29 പന്തില്‍ 44 റണ്‍സെടുത്ത ടിം സെഫര്‍ട്ട് പുറത്തായപ്പോള്‍  17 പന്തില്‍ 29 റണ്‍സുമായി ഫിന്‍ അലനും 15 പന്തില്‍ 18 റണ്‍സുമായി ടിം റോബിന്‍സണും പുറത്താകാതെ നിന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article