പാകിസ്ഥാന്‍ ഫ്രാഞ്ചൈസി ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി കരാര്‍ നിലനില്‍ക്കെ ഐപിഎല്‍ കരാര്‍ ഒപ്പിട്ട ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ നിയമനടപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. കരാര്‍ വ്യവസ്ഥ ലംഘിച്ചതായി കാണിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കോര്‍ബിന്‍ ബോഷിനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസയച്ചത്. പിഎസ്എല്ലുമായി നേരത്തെ കരാര്‍ ഒപ്പിട്ട താരം പിഎസ്എല്‍ നടക്കുന്ന അതേസമയത്ത് നടക്കുന്ന ഐപിഎല്ലിനായി കരാര്‍ ഒപ്പിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സുമായാണ് താരം കരാറില്‍ ഏര്‍പ്പെട്ടത്.
2025 ജനുവരിയില്‍ ലാഹോറില്‍ നടന്ന പിഎസ്എല്‍ ലേലത്തില്‍ പെഷവാര്‍ സാല്‍മിയാണ് 30കാരനായ താരത്തെ സ്വന്തമാക്കിയത്. ഐപിഎല്‍ തുടങ്ങിയാല്‍ താരത്തെ പിഎസ്എല്ലിലേക്ക് ലഭിക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിസിബിയുടെ നടപടി. മാര്‍ച്ച് 22 മുതല്‍ മെയ് 25 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. പിഎസ്എല്‍ ഏപ്രില്‍ 11 മുതല്‍ മെയ് 18 വരെയാണ് നടക്കുക.