Chelsea vs PSG: ഫിഫാ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപോരാട്ടം, പിഎസ്ജിക്ക് എതിരാളികളായി ചെൽസി

അഭിറാം മനോഹർ

ഞായര്‍, 13 ജൂലൈ 2025 (16:59 IST)
Chelsea vs PSG
ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ രാത്രി 12:30ന് നടക്കുന്ന മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പിഎസ്ജി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ നേരിടും. ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാനാകും. ഇത്തവണ ട്രെബിള്‍ കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി ക്ലബ് ലോക ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുന്നത്.
 
ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെയും സെമിഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെയും തകര്‍ത്താണ് ലൂയിസ് എന്റിക്വയുടെ പിഎസ്ജിയുടെ ഫൈനല്‍ പ്രവേശനം.ബയേണിനെതിരെ 2 ഗോളുകള്‍ക്കും റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കുമാണ് പിഎസ്ജി തകര്‍ത്തത്. അതേസമയം ബ്രസീലിയന്‍ ക്ലബുകളായ പാല്‍മിറാസിനെയും ഫ്‌ലുമിനന്‍സിനെയും വീഴ്ത്തിയാണ് ചെല്‍സി ഫൈനലിലെത്തിയത്.
 
 നെവസ്, വിറ്റീഞ്ഞ, റൂയിസ് ത്രയം ഭരിക്കുന്ന മധ്യനിരയ്‌ക്കൊപ്പം ഡെംബലയും യുവതാരം ഡിസേര്‍ ഡുവേയും അടങ്ങുന്ന മുന്നേറ്റ നിരയുമാണ് പിഎസ്ജിയുടെ ശക്തി. അതേസമയം ഗോളുകള്‍ കൂടി കണ്ടെത്തുന്ന പ്രതിരോധതാരങ്ങളും ചെല്‍സിക്ക് ബുദ്ധിമുട്ടുണ്ടാക്കും.നെറ്റോയും കോള്‍ പാമറും പെഡ്രോയും അടങ്ങുന്നതാണ് ചെല്‍സി മുന്നേറ്റനിര. ഡെലാപ്പും പരിക്ക് മാറി കെയ്‌സോഡെയും തിരിച്ചെത്തുന്നത് ചെല്‍സിക്ക് ആത്മവിശ്വാസം നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍