ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം ഏകദിനം: ഇന്ത്യക്കെതിരായ ഏറ്റവും വലിയ രണ്ടാം റൺചേസെന്ന റെക്കോർഡ് കിവികൾക്ക് സ്വന്തം

Webdunia
വ്യാഴം, 6 ഫെബ്രുവരി 2020 (12:09 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20യിൽ തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ചതിന് പിന്നാലെ ഏകദിനമത്സരത്തിലും ആധിപത്യം തുടരാനുറച്ചാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായെങ്കിലും ശ്രേയസ് അയ്യർ,നായകൻ വിരാട് കോലി, കെ എൽ രാഹുൽ എന്നിവരുടെ പ്രകടനമികവിൽ ഇന്ത്യ 347 റൺസ് അടിച്ചെടുത്തപ്പോൾ ഏകദിന പരമ്പരക്കും ടി20യുടെ സമാനവിധിയാകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം കിവികൾ മറികടക്കുകയായിരുന്നു.
 
ഇന്ത്യ ഉയർത്തിയ 347 റൺസ് കിവികൾ മറികടന്നതോടെ ഇന്ത്യക്കെതിരെ ഒരു പ്രധാനനേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ന്യൂസിലൻഡ് ടീം. ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ചേസെന്ന റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിലെ വിജയത്തോടെ തങ്ങളുടെ പേരിൽ എഴുതിചേർത്തിരിക്കുന്നത്. 2007ല്‍ മൊഹാലിയില്‍ ചിരവൈരികളായ പാകിസ്താന്‍ 322 റണ്‍സ് ചേസ് ചെയ്തു ജയിച്ചതായിരുന്നു ഇതുവരെ ഇന്ത്യക്കെതിരായ വലിയ രണ്ടാമത്തെ റൺചേസ്. 2019ല്‍ മൊഹാലിയില്‍ തന്നെ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയ 359 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഏകദിനത്തില്‍ ഇന്ത്യക്കെതിരെയുള്ള നിലവിലെ റെക്കോര്‍ഡ്.
 
മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചതോടെ ഏകദിനത്തിൽ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ റൺചേസെന്ന റെക്കോഡും ഇന്നലത്തെ മത്സരത്തിൽ പിറന്നു.2007ല്‍ ഇതേ വേദിയില്‍ തന്നെ ഓസ്‌ട്രേലിയക്കെതിരേ 347 റണ്‍സ് ചേസ് ചെയ്തതായിരുന്നു നേരത്തേ ന്യൂസിലാന്‍ഡിന്റെ റെക്കോര്‍ഡ്. 2007ല്‍ തന്നെ ഓസീസിനെതിരേ 337 റണ്‍സും 2018ല്‍ ഇംഗ്ലണ്ടിനെതിരേ 336 റണ്‍സും കിവികൾ വിജയകരമായി ചേസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article