"ഇന്ത്യയ്‌ക്കായി അയ്യർ, കിവികൾക്ക് ടെയ്‌ലർ"; ഒന്നാം ഏകദിനത്തിൽ പിറന്നത് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവതകളിലൊന്ന്!!

അഭിറാം മനോഹർ

വ്യാഴം, 6 ഫെബ്രുവരി 2020 (11:37 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ റോസ് ടെയ്‌ലറിന്റെ ബാറ്റിങ്ങ് കരുത്തിന്റെ മികവിൽ ന്യൂസിലൻഡ് വിജയിച്ചപ്പോൾ മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവതകളിലൊന്ന്. നേരത്തെ ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറിയുടെ മികവിൽ 347 റൺസ് നേടിയ ഇന്ത്യയെ ടെയ്‌ലറുടെ പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡ് പരാജയപ്പെടുത്തുകയായിരുന്നു. ഇരു ടീമുകളിലേയും നാലാം നമ്പർ ബാറ്റ്സ്മാന്മാർ മത്സരത്തിൽ ഒരു പോലെ തിളങ്ങിയപ്പോൾ ഒരു അപൂർവതക്ക് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.
 
ക്രിക്കറ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ഒരു മത്സരത്തിൽ രണ്ട് ടീമിലേയും നാലാം നമ്പർ ബാറ്റ്സ്മാന്മാർ സെഞ്ച്വറി നേടുന്നത്. 2007ൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിൽ നടന്ന മത്സരത്തിലാണ് ആദ്യമായി ഇരു ടീമിലെയും നാലാം നമ്പർ ബാറ്റ്സ്മാന്മാർ സെഞ്ച്വറി നേടിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി എ ബി ഡിവില്ലിയേഴ്‌സും (107), സിംബാബ്വെയ്ക്കായി തതേന്ദ തയ്ബുവും (107) ആണ് സെഞ്ചുറി നേടിയത്.
 
2017-ല്‍ കട്ടക്കില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ യുവ്‌രാജ് സിങ്ങും (150) ഓയിന്‍ മോര്‍ഗനും (102) നാലാം നമ്പറിലിറങ്ങി സെഞ്ചുറി നേടിയതാണ് രണ്ടാമത്തെ സംഭവം. അതേ സമയം അയ്യരുടെ സെഞ്ച്വറി ദീർഘകാലമായി ഇന്ത്യയെ വലക്കുന്ന ടീമിലെ നാലാം നമ്പർ താരം ആരായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. 2018 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവിന് ശേഷം 16 മാസങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയും ഇന്നലത്തെ മത്സരത്തിനുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍