ഇന്ത്യയെ തുന്നിക്കെട്ടി ടെയ്‌ലർ, കിവീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2020 (16:16 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യക്ക് തോൽവി. മത്സരത്തിൽ 347 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും അഞ്ചു പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കേ ആധികാരികമായാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ കിവികൾ 1-0 ത്തിന് മുൻപിലെത്തി.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടേയും കെ എൽ രാഹുലിന്റെയും നായകൻ വിരാട് കോലിയുടേയും പ്രകടനമികവിൽ 4 വിക്കറ്റിന് 347 റൺസ് എടുത്തിരുന്നു. ഇത്രയും വലിയൊരു സ്കോർ കിവികൾ തകർക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെങ്കിലും കളം നിറഞ്ഞാടിയ മുതിർന്ന ന്യൂസിലൻഡ് താരമായ റോസ് ടെയ്‌ലറിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡ് വിജയിക്കുകയായിരുന്നു.ന്യൂസിലൻഡിന് വേണ്ടി ഹെന്റി നിക്കോള്‍സ് (78), നായകന്‍ ടോം ലാഥം (69) എന്നിവരും മികച്ച പ്രകടനം നടത്തി. ടെയ്‌ലർ 84 പന്തിൽ പുറത്താവാതെ 109 റൺസ് നേടി.
 
മത്സരത്തിൽ ഇന്ത്യയുയർത്തിയ കൂറ്റൻ സ്കോറിന് അതേ നാണയത്തിലാണ് കിവികൾ മറുപടി പറഞ്ഞത്.ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ 32 റൺസെടുത്ത് പുറത്താകുമ്പോൾ 15.4 ഓവറില്‍ 85 റണ്‍സിലെത്തിയിരുന്നു ന്യൂസിലന്‍ഡ്. മൂന്നാമന്‍ ടോം ബ്ലെന്‍ഡല്‍ ഒന്‍പത് റണ്‍സിന് പുറത്തായെങ്കിലും റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് ഹെന്‍റി നിക്കോള്‍സ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചു. ഹെന്‍റി നിക്കോള്‍സ് 82 പന്തിൽ നിന്നും 78 റൺസെടുത്ത് പുറത്തായി.
 
ഹെന്‍റി നിക്കോൾസിന്റെ പുറത്താകലിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനകൾ നൽകിയെങ്കിലും പകരമെത്തിയ ടോം ലാഥം ടെയ്ലറിന് ശക്തമായ പിന്തുണയാണ് നൽകിയത്. 38 പന്തിൽ നിന്നും അർധസെഞ്ച്വറി കണ്ടെത്തിയ താരത്തിനെ വ്യക്തിഗത സ്കോർ 69ൽ നിൽക്കേ കുൽദീപ് പുറത്താക്കിയെങ്കിലും ന്യൂസിലൻഡ് 41.4 ഓവറിൽ 309 എന്ന ശക്തമായ നിലയിലെത്തിയിരുന്നു. നാലാം വിക്കറ്റിൽ ഒത്തുച്ചേർന്ന ടെയ്‌ലര്‍- ലാതം സഖ്യം ചേര്‍ന്നെടുത്ത 138 റണ്‍സാണ് മത്സരം ന്യൂസിലൻഡിന് അനുകൂലമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍