ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ടി20 പരമ്പരയിൽ 1-0ന് അമ്പേ പരാജയപ്പെടുത്തിയ ഒരു ടീം കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിച്ചതാണ് ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ബാറ്റിങ്ങിൽ ശ്രേയസ് അയ്യരും നായകൻ കോലിയും കെ എൽ രാഹുലും തിളങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്തം ബാറ്റ്സ്മാന്മാരിൽ കെട്ടിവെക്കുവാൻ സാധ്യമല്ല തീർച്ചയായും ബൗളിങ് ഡിപ്പാർട്ട്മെന്റ് അപ്പാടെ പരാജയമായതാണ് തോൽവിക്ക് കാരണം. അതിൽ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിങ് താരങ്ങളായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പിഴവുകളും മത്സരത്തിൽ നിർണായകമായി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടേയും കെ എൽ രാഹുലിന്റെയും നായകൻ വിരാട് കോലിയുടേയും പ്രകടനമികവിൽ 4 വിക്കറ്റിന് 347 റൺസാണ് നേടിയത്. ഇന്ത്യയുടെ മൊത്തം സ്കോറിൽ 19 റണ്ണുകൾ ബൗളർമാർ സമ്മാനിച്ച അധികം റണ്ണുകളായിരുന്നു. തിരിച്ച് ബാറ്റിങ്ങിനിറങ്ങിയ കിവികൾ റോസ് ടെയ്‌ലറുടെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം ഭേദിച്ചെങ്കിലും ഇവിടെയും ഇന്ത്യൻ ബൗളർമാർ നൽകിയ അധികം റണ്ണുകൾ നിർണായകമായി. മത്സരത്തിൽ 24 അധികം റണ്ണൂകളാണ് ഇന്ത്യ വിട്ടുകൊടുത്തത്. ഇതിൽ പേരുകേട്ട ബുമ്ര-ഷമി സഖ്യം മാത്രം വിട്ടുകൊടുത്തതാകട്ടെ 20 റണ്ണുകൾ. കൂടാതെ റൺ വാങ്ങുന്നതിൽ പിശുക്കു കാണിക്കുന്നതിൽ പേരു കേട്ട ബുമ്ര പോലും മത്സരത്തിൽ 10 ഓവറിൽ 53 റണ്ണൂകൾ വിട്ടുനൽകി. ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ താരത്തിന് സാധിച്ചതുമില്ല. 9.1 ഓവറുകൾ എറിഞ്ഞ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് സ്വന്തമാക്കാനായെങ്കിലും 63 റണ്ണൂകളാണ് ഷമി വിട്ടുനൽകിയത്.
ഇതിൽ ഇന്ത്യയുടെ കുന്തമുനയായ ബുമ്രയാണ് ഏറ്റവുമധികം റണ്ണുകൾ എതിർ ടീമിന് സംഭാവന ചെയ്തത്. ഒരു മെയ്ഡൻ അടക്കം പത്ത് ഓവറുകൾ ചെയ്ത ബുമ്ര 13 എക്സ്ട്രാ റണ്ണുകളാണ് മത്സരത്തിൽ എതിർടീമിന് സമ്മാനിച്ചത്. കൂടാതെ തന്റെ ഓവറിൽ റൺസ് പിറ്റിച്ചു നിർത്തുന്നതിൽ താരം പരാജയപ്പെടുകയും ചെയ്തു. വെറും അഞ്ച് പന്തുകൾ ബാക്കി നിൽക്കെയാണ് ന്യൂസിലൻഡ് മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത് എന്ന് കണക്കിലെടുക്കുമ്പോഴാണ് യഥേഷ്ടം റൺസുകൾ വിട്ടുനൽകിയ ഇന്ത്യൻ ബൗളിങ് നിരയുടെ സമീപനം നിർണായകമായതെന്ന് മനസിലാകുക.