ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഹമ്മർ എസ്‌യുവി വാഹനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിനായി ജന്മനാട്ടിലെത്തിയ ധോണി തന്റെ പ്രീയ വാഹനത്തില്‍ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതും കിവിസ് താരങ്ങള്‍ അദ്ഭുതത്തോടെ നോക്കുന്നതുമാണ് വൈറലായ ചിത്രത്തിലുള്ളത്.
ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങൾ ഹോട്ടലിലേക്ക് ടീം ബസിൽ പോകുകയായിരുന്നു. ഈ സമയം ന്യൂസിലാൻഡ് ടീം ബസിനൊപ്പം ധോണിയുടെ ഹമ്മര്‍ എത്തുകയായിരുന്നു. ഇത് കണ്ട കിവിസ് താരങ്ങള്‍ ഇന്ത്യന്‍ നായകന്റെ രാജകീയ യാത്ര കണ്ട് അത്ഭുതത്തോടെ നോക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ ടോം ലതാം, തൊട്ടു പിറകിൽ റോസ് ടെയ്ലർ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റോഡിൽ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന വാഹനമാണ് ഹമ്മർ. ന്യൂസിലാൻഡ് ടീം ബസിനെ മറികടന്ന് ഹമ്മര്‍ പോകുകയും ചെയ്‌തു. നാലാം ഏകദിനത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സ്റ്റംപിങ് നടത്തി ധോണി റോസ് ടെയ്‌ലറെ പുറത്താക്കിയിരുന്നു.