പുലര്‍ച്ചെ നാല് മണിക്കു 19-ാം നിലയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു; ഷമി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകാമെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (11:10 IST)
ജസ്പ്രീത് ബുംറയെ പോലെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ആരാധിക്കുന്ന പേസ് ബൗളര്‍ ആണ് മുഹമ്മദ് ഷമി. പരുക്കിനെ തുടര്‍ന്ന് ഇപ്പോള്‍ കളത്തിനു പുറത്താണെങ്കിലും ഷമി ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അതിനെയെല്ലാം ഷമി ആത്മധൈര്യത്തോടെ നേരിട്ടു. എന്നാല്‍ തനിക്കെതിരായ ഒത്തുകളി ആരോപണം ഉണ്ടായപ്പോള്‍ താരം മാനസികമായി തകര്‍ന്നു. അന്ന് ആത്മഹത്യയെ കുറിച്ച് പോലും താന്‍ ആലോചിച്ചിരുന്നെന്ന് ഷമി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ ഷമിയുടെ സുഹൃത്തായ ഉമേഷ് കുമാറും ഇതേ കുറിച്ച് സംസാരിക്കുന്നു. ആ സമയത്ത് ഷമി ആത്മഹത്യയെ കുറിച്ച് ഉറപ്പായും ചിന്തിച്ചിട്ടുണ്ടെന്ന് ഉമേഷ് പറഞ്ഞു. ശുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ചിരവൈരികളായ പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഷമി ഒത്തുകളിച്ചുവെന്ന ആരോപണം ഉന്നയിച്ചത് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ ആയിരുന്നു. ഒത്തുകളിക്കുന്നതിനായി ഷമി ദുബായില്‍ വെച്ച് ഒരു പാക്കിസ്ഥാന്‍ വംശജനില്‍ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് ഷമിക്കെതിരെ ബിസിസിഐ അന്വേഷണം നടത്തി. 'എന്തും ഞാന്‍ സഹിക്കും, പക്ഷേ എന്റെ ടീമിനെ ചതിച്ചെന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല' എന്നാണ് ഷമി ആ സമയത്ത് തന്നോടു പറഞ്ഞതെന്ന് താരത്തിന്റെ സുഹൃത്ത് ഉമേഷ് പറയുന്നു. 
 
' ഒത്തുകളിയില്‍ തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ദിവസം രാത്രി സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ പോലും അദ്ദേഹം ആലോചിച്ചു കാണും. ആ സമയത്ത് ഞാനും ഷമിയും ഒന്നിച്ചാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ നാല് മണിക്ക് വെള്ളം കുടിക്കാനായി ഞാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ ബാല്‍ക്കണിയില്‍ ഷമി നില്‍ക്കുകയാണ്. ഫ്‌ളാറ്റിലെ 19-ാം നിലയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് മനസിലായി. ഷമിയുടെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയായിരുന്നു അതെന്ന് എനിക്ക് തോന്നി. അതിനുശേഷം ഒത്തുകളി ആരോപണത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു. ലോകകപ്പ് ലഭിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഷമിയില്‍ കണ്ടത്,' ഉമേഷ് വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article