വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ ടീമിന്റെ പുതിയ നേതൃത്വം എടുത്തിരിക്കുന്ന സംഘത്തിന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജു ശ്രമിക്കണമെന്നും ഉത്തപ്പ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന ഏകദിനമത്സരത്തില്‍ സെഞ്ചുറി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞിരുന്നു. പകരം ശ്രീലങ്കക്കെതിരായ ടി20 ടീമിലാണ് താരത്തിന് സ്ഥാനം ലഭിച്ചത്. സഞ്ജുവിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഇതാദ്യമായല്ല സഞ്ജു ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഇത് അവസാനത്തേത് ആകുമെന്ന് കരുതാന്‍ പറ്റില്ലെന്നും ഉത്തപ്പ പറഞ്ഞു.