ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരമാണ് നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുതീര്‍ന്നു. മികച്ച ഫോമിലുള്ള വിരാട് കോലിയിലും സൂര്യകുമാര്‍ യാദവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഇവര്‍ രണ്ട് പേരെ വീഴ്ത്തിയാല്‍ ഇംഗ്ലണ്ട് പകുതി ജയിച്ചു കഴിഞ്ഞു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം. ഇപ്പോള്‍ ഇതാ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഐഡിയ പറഞ്ഞു കൊടുക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.
വിരാട് കോലിയും സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യുമ്പോള്‍ എറിയാന്‍ വേണ്ടി മാര്‍ക്ക് വുഡിന്റെ നാല് ഓവര്‍ കാത്തുവയ്ക്കണമെന്നാണ് ഹോഗിന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലെ വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ മാര്‍ക്ക് വുഡ് കോലിയേയും സൂര്യയേയും വെള്ളം കുടിപ്പിക്കുമെന്നാണ് ഹോഗ് പറയുന്നത്.
' വുഡിന്റെ നാല് ഓവറും കോലിക്കും സൂര്യകുമാറിനും വേണ്ടി മാറ്റിവെയ്ക്കുകയാണ് വേണ്ടത്. V ആകൃതിയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കോലിക്ക് ബുദ്ധിമുട്ടുണ്ടാകും. സ്‌ക്വയററായി കളിക്കാന്‍ കോലി നിര്‍ബന്ധനാകും. എക്‌സ്ട്രാ പേസ് ഉള്ളതിനാല്‍ അഡ് ലെയ്ഡിലെ പിച്ച് മറ്റ് പിച്ചുകളേക്കാള്‍ തെന്നല്‍ സ്വഭാവം കാണിക്കും. സ്‌ക്വയര്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ കോലി എല്‍ബിഡബ്ല്യു ആകാനോ ബൗള്‍ഡ് ആകാനോ സാധ്യത കൂടുതലാണ്,' ഹോഗ് പറഞ്ഞു.