ഗാബ ടെസ്റ്റിനിടെ പരിക്ക്, ജോഷ് ഹേസൽവുഡിന് അവസാന 2 ടെസ്റ്റുകളും നഷ്ടമായേക്കും

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (18:36 IST)
ഇന്ത്യക്കെതിരായ അവസാന 2 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിനിടെ തുടയില്‍ പരിക്കേറ്റ ഹേസല്‍വുഡ് നാലാം ദിനം ബൗളിങ്ങിനിറങ്ങിയിരുന്നില്ല. ഇത് ഓസീസ് പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കുറയുന്നതിന് കാരണമായിരുന്നു. മൂന്നാം ദിനത്തില്‍  താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഹേസല്‍വുഡിന്റെ തുടയിലെ പേശികള്‍ക്ക് പരിക്കുണ്ടെന്നാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്.
 
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ നാല് വിക്കറ്റുകള്‍ നേടിയ താരം മത്സരത്തിലാകെ 5 വിക്കറ്റുകളെടുത്തിരുന്നു. അഡലെയ്ഡ് ടെസ്റ്റില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയ ഹേസല്‍വുഡ് വീണ്ടും പരിക്കേറ്റ് പുറത്തായതോടെ വരാനിരിക്കുന്ന ടെസ്റ്റുകളിലും താരത്തിന് അവസരം നഷ്ടമായേക്കും. ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍ സ്‌കോട്ട് ബോളണ്ടാകും താരത്തിന് പകരക്കാരനാവുക. ഡിസംബര്‍ 26നും ജനുവരി 7നുമാണ് പരമ്പരയിലെ അടുത്ത മത്സരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article