India vs Australia: അതിലൊരു ത്രില്ലില്ല, അനായാസ ക്യാച്ച് കൈവിട്ടു, രാഹുലിനെ പിന്നീട് പറന്ന് പിടിച്ച് സ്മിത്ത്
നാലാം ദിനത്തില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് കെ എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെടേണ്ടതായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ആദ്യപന്തില്‍ തന്നെ സ്ലിപ്പില്‍ അനായാസമായ ക്യാച്ച് അവസരമാണ് രാഹുല്‍ നല്‍കിയത്. എന്നാല്‍ സ്റ്റീവ് സ്മിത്ത് അവിശ്വസനീയമായ രീതിയില്‍ അവസരം കളഞ്ഞുകുളിച്ചു. രാഹുലിന് പോലും തനിക്ക് ജീവന്‍ തിരിച്ച് കിട്ടിയത് ഒരു നിമിഷം വിശ്വസിക്കാനായില്ല. ആ അവസരം മുതലെടുത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ക്കാന്‍ ഓസീസിന് സാധിക്കുമായിരുന്നു.
നായകന്‍ രോഹിത് ശര്‍മ അധികം വൈകാതെ മടങ്ങിയെങ്കിലും പിന്നീട് പിഴവുകളൊന്നും വരുത്താതെയാണ് കെ എല്‍ രാഹുല്‍ നീങ്ങിയത്. മധ്യനിരയില്‍ രവീന്ദ്ര ജഡേജ ഉറച്ച പിന്തുണ നല്‍കിയതോടെ കെ എല്‍ രാഹുല്‍ സെഞ്ചുറിയിലേക്ക് കുതിക്കുമെന്നാണ് ആരാധകരും കരുതിയത്. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് കുതിക്കവെ നഥാന്‍ ലിയോണിന്റെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന് ക്യാച്ച് നല്‍കി രാഹുല്‍ മടങ്ങി. തേര്‍ഡ് മാനിലേക്ക് പോകുമായിരുന്ന പന്തിനെ സ്ലിപ്പില്‍ സ്മിത്ത് ഒറ്റക്കയില്‍ പറന്നുപിടിക്കുകയായിരുന്നു. 139 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതം 84 റണ്‍സാണ് മത്സരത്തില്‍ കെ എല്‍ രാഹുല്‍ നേടിയത്. മഴ കളി തടസ്സപ്പെടുത്തിയതോടെ 180 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.