MS Dhoni: ശരിക്കും ഈ ടീമില്‍ ധോണിയുടെ ആവശ്യമെന്താണ്? പുകഞ്ഞ് ചെന്നൈ ക്യാമ്പ്

രേണുക വേണു

ശനി, 12 ഏപ്രില്‍ 2025 (10:41 IST)
MS Dhoni: ഒരുകാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നാല്‍ മഹേന്ദ്രസിങ് ധോണിയായിരുന്നു. ചെന്നൈയെ നയിക്കുക മാത്രമല്ല ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട മാച്ച് വിന്നര്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് അവസ്ഥ അങ്ങനെയല്ല, ചെന്നൈ ആരാധകര്‍ക്ക് പോലും 'ധോണി മടുപ്പ്' തോന്നിത്തുടങ്ങി. 
 
ബാറ്റിങ്ങില്‍ ധോണി അമ്പേ പരാജയമാണ്. ആവശ്യഘട്ടങ്ങളിലൊന്നും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലെത്തി. എന്നിട്ടും ടീമില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് ചെന്നൈ ആരാധകര്‍ തന്നെ ചോദിക്കുന്നു. 
 
ഈ സീസണില്‍ ആറ് കളികളില്‍ നിന്ന് 34.67 ശരാശരിയില്‍ വെറും 104 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. 146.48 ആണ് സ്‌ട്രൈക് റേറ്റ്. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന കളിയില്‍ ഒന്‍പതാമനായാണ് ധോണി ക്രീസിലെത്തിയത്. നാല് പന്തുകള്‍  നേരിട്ട് പൂജ്യത്തിനു പുറത്തായി. പഞ്ചാബിനെതിരായ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങി 12 ബോളില്‍ 27 റണ്‍സ് നേടിയതാണ് ഈ സീസണിലെ എടുത്തുപറയേണ്ട ഏക പ്രകടനം. 
 
ധോണി അവസാനമായി ഒരു സീസണില്‍ 200 റണ്‍സില്‍ മുകളില്‍ നേടിയത് 2022 ലാണ്. 2021 ല്‍ 114 റണ്‍സും 2020 ല്‍ 200 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ താരത്തിനു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് ചെന്നൈ മാനേജ്‌മെന്റ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഫിനിഷര്‍ റോളില്‍ ധോണിയെ തുടരാന്‍ അനുവദിക്കുന്നതിന്റെ ഔചിത്യം ആരാധകര്‍ക്കു പോലും മനസിലാകുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍