കോലിയും സ്മിത്തുമൊന്നും പരിസരത്തില്ല, ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡിന്റെ വേരറുക്കാന്‍ ജോ റൂട്ട്

Jithinraj

തിങ്കള്‍, 22 ജൂലൈ 2024 (15:53 IST)
Joe Root

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന താരമെന്ന വിശേഷണം വിരാട് കോലിയ്ക്കുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ഫാബുലസ് ഫോറില്‍ ഏറ്റവും പിന്നിലാണ് താരം. ഏകദിനത്തില്‍ സച്ചിന്‍ തീര്‍ത്ത പല റെക്കോര്‍ഡ് നേട്ടങ്ങളും കോലി തകര്‍ത്തെങ്കിലും ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ ആദ്യം തകര്‍ക്കുന്ന താരമാകാന്‍ പോകുന്നത് ഇംഗ്ലണ്ട് താരമായ ജോ റൂട്ട് ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ പറയുന്നത്.
 
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ റണ്‍വേട്ടയില്‍ വെസ്റ്റിന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദര്‍പോളിനെ മറികടക്കാന്‍ ജോ റൂട്ടിനായിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ 11869 റണ്‍സുമായി എട്ടാം സ്ഥാനത്താണ് ജോ റൂട്ട്. 142 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. 200 മത്സരങ്ങളില്‍ നിന്നും 15921 റണ്‍സുമായി ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 
13,378 റണ്‍സുമായി ഓസീസ് താരം റിക്കി പോണ്ടിംഗാണ് പട്ടികയില്‍ രണ്ടാമത്. 13289 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജാക് കാലിസ് ലിസ്റ്റില്‍  മൂന്നാമതാണ്. ഇന്ത്യന്‍ താരമായ രാഹുല്‍ ദ്രാവിഡാണ്(13288) ലിസ്റ്റില്‍ മൂന്നാമത് 12472 റണ്‍സുമായി അലിസ്റ്റര്‍ കുക്ക്, 12400 റണ്‍സുമായി കുമാര്‍ സംഗക്കാര,11953 റണ്‍സുമായി ബ്രയന്‍ ലാറ എന്നിവരാണ് ലിസ്റ്റില്‍ ജോ റൂട്ടിന് തൊട്ടുമുന്നിലുള്ളത്. നിലവില്‍ സജീവ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളില്‍ ജോ റൂട്ട് മാത്രമാണ് ആദ്യ പത്തിലുള്ളത്. 8848 റണ്‍സുമായി ഇന്ത്യന്‍ താരം വിരാട് കോലി പത്തൊമ്പതാം    സ്ഥാനത്തും 9645 റണ്‍സുമായി സ്റ്റീവ് സ്മിത്ത്, 8743 റണ്‍സുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ പതിനഞ്ചും ഇരുപത്തഞ്ചും സ്ഥാനങ്ങളിലാണ്.
 
നിലവില്‍ 33 കാരനായ ജോ റൂട്ട് കരിയര്‍ അവസാനിപ്പിക്കുവാന്‍ ഇനിയും 4-5 വര്‍ഷങ്ങളെടുക്കും എന്നതിനാല്‍ ടെസ്റ്റില്‍ സച്ചിന്റെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം താരം മറികടക്കാന്‍ സാധ്യതയേറെയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍