ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

അഭിറാം മനോഹർ

ശനി, 11 മെയ് 2024 (11:19 IST)
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ കളിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഹോം സീസണോട് കൂടി ആന്‍ഡേഴ്‌സണ്‍ വിരമിച്ചേക്കുമെന്ന് ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പേസറെന്ന നേട്ടം ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരുന്നു. 800 ടെസ്റ്റ് വിക്കറ്റുകളുമായി ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. 708 വിക്കറ്റുകളുമായി ഓസീസിന്റെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണാണ് പട്ടികയില്‍ ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. 2025ല്‍ നടക്കാനിരിക്കുന്ന ആഷസ് പരമ്പര മുന്നില്‍ കണ്ട് പുതിയ പേസര്‍മാരെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. ഇക്കാര്യം ചൂണ്ടികാണിച്ച് ഇംഗ്ലണ്ട് പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം ആന്‍ഡേഴ്‌സണുമായി ചര്‍ച്ച നടത്തിയിരുന്നു. വരുന്ന ജൂലായില്‍ ആന്‍ഡേഴ്‌സണ് 42 വയസ് തികയും.
 
 2002 മെയില്‍ സിംബാബ്വെയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കം കുറിച്ച ആന്‍ഡേഴ്‌സണ്‍ 187 ടെസ്റ്റുകളുല്‍ നിന്നായി 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളൂം സ്വന്തമാക്കിയിട്ടുണ്ട്. 19 ടി20 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍