Gautam Gambhir: വൈറ്റ് ബോളിന് ഒരു ടീം, ടെസ്റ്റിന് മറ്റൊരു ടീം, ഗംഭീർ ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി മാറ്റുമോ ?

അഭിറാം മനോഹർ

ബുധന്‍, 19 ജൂണ്‍ 2024 (12:21 IST)
ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി വിജയിച്ചതോടെ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിന്റേത്. ഇന്ത്യന്‍ പരിശീലകനാകാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്ക് ചില ഉപാധികളുണ്ടെന്നും ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകാനുള്ള അഭിമുഖത്തിനെത്തുന്നതിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിമുഖം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ ഗംഭീര്‍ തന്നെയാകും പുതിയ ഇന്ത്യന്‍ കോച്ചെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
 
 ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പരിഷ്‌കരിക്കാനുള്ള ചില നിര്‍ദേശങ്ങളാണ് ഗംഭീര്‍ ബിസിസിഐയ്ക്ക് മുന്നില്‍ വെച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമിന് ഓരോ ഫോര്‍മാറ്റിനും പ്രത്യേകം ടീം വേണമെന്ന അവശ്യമാണ് ഇതില്‍ പ്രധാനം. ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് നിലവില്‍ ഈ രീതി പിന്തുടരുന്ന ടീമുകള്‍. നേരത്തെ ഇന്ത്യന്‍ ടീം ഈ രീതി പിന്തുടരാനായി ശ്രമിച്ചെങ്കിലും അത് വിജയത്തിലെത്തിയില്ല. 3 ഫോര്‍മാറ്റിലും വ്യത്യസ്ത ടീമുകള്‍ ഉണ്ടാവുമ്പോള്‍ ടെസ്റ്റിലും വൈറ്റ്‌ബോളിലും രണ്ടോ മൂന്നോ വ്യത്യസ്ത നായകന്മാരാകും ടീമിനെ നയിക്കുക.
 
ഇത്തരത്തില്‍ 3 ഫോര്‍മാറ്റിലും വ്യത്യസ്ത ടീമുകളാണ് കളിക്കുന്നതെങ്കില്‍ ടെസ്റ്റ് ടീമിലേക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ഒരുങ്ങും. നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ടെസ്റ്റ് ടീമില്‍ അവസരം നേരിട്ട് ലഭിക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടും യുവതാരങ്ങള്‍ക്ക് ടെസ്റ്റ് ടീമില്‍ കയറാനാകാത്ത അവസ്ഥയുണ്ട്. ഈ സ്ഥിതിയില്‍ മാറ്റം കൊണ്ടുവരാന്‍ ഗംഭീറിനാകും. ഇതോടെ ഐപിഎല്‍ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വൈറ്റ്‌ബോള്‍ സെലക്ഷനില്‍ മാത്രമാകും പ്രധാനമാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍