പരിശീലകനാകാം, പക്ഷേ ഉപാധികളുണ്ട്, പലരുടെയും തല തെറിക്കും: ഗംഭീറിന്റെ ആവശ്യങ്ങള്‍ സമ്മതിച്ച് ബിസിസിഐ

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (13:51 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാനായി ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ട് വെച്ചെന്നും ഇതെല്ലാം തന്നെ ബിസിസിഐ സമ്മതിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 
 
ഇന്ത്യന്‍ ടീം പരിശീലകനായാല്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ തിരെഞ്ഞെടുക്കാനുള്ള അധികാരം തനിക്ക് നല്‍കണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം. ഇതോടെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരും ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയേണ്ടി വരും. രവി ശാസ്ത്രി പരിശീലകനായ സമയത്താണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനാക്കി എത്തിച്ചത്. ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്തപ്പോഴും വിക്രം റാത്തോഡ് ടീമിനൊപ്പം തുടര്‍ന്നു. 
 
 കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ജേതാക്കളാക്കിയതിന് പിന്നാലെയാണ് ഗംഭീറിനെ ഇന്ത്യന്‍ ടീം പരിശീലകനാക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യന്‍ കോച്ചാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇതിലും വലിയ ബഹുമതി തനിക്ക് ലഭിക്കില്ലെന്നും പരിശീലകസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗംഭീര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍